കുടിയേറ്റം വെട്ടിക്കുറക്കുമെന്ന് ടോറികളുടെ പ്രകടനപത്രിക
text_fieldsലണ്ടൻ: ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രകടനപത്രികയുമായി കൺസർവേറ്റിവ് (ടോറി) പാർട്ടി. യൂറോപ്യൻ യൂനിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികൾക്ക് ബ്രിട്ടനിൽ ജോലിചെയ്യുന്നതിന് നിയമങ്ങൾ കർക്കശമാക്കുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ പ്രധാനം.
കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾ പ്രതിവർഷം ഒരാൾക്ക് 2000 പൗണ്ട് വീതം പിഴ നൽകണമെന്നും കുടിയേറിയെത്തുന്നവർ ദേശീയ ആരോഗ്യ സർവിസ് സ്ഥാപനങ്ങളിൽ ചികിത്സ തേടുമ്പോൾ ഫീസ് നൽകണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിലവിൽ കുടിയേറ്റക്കാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങൾ നൽകേണ്ട ഇമിഗ്രേഷൻ സ്കിൽസ് ചാർജ് 1000 പൗണ്ടാണ്. ഇതാണ് ഇരട്ടിയാക്കിയത്. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് എന്ന പേരിലാകും കുടിയേറ്റക്കാരിൽനിന്നു ചികിത്സക്കു പണം ഈടാക്കുക. നിലവിലുള്ളതിൽനിന്നും കുടിയേറ്റം വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. നടപടികൾ കർക്കശമാക്കുന്നതോടെ കുടിയേറ്റവിരുദ്ധ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ വോട്ടുകൾ ഉറപ്പിക്കാനാണ് ടോറികൾ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽനിന്നാണ് കൂടുതൽ പേർ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. യു.കെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾപ്രകാരം നിലവിൽ 2016ൽ തൊഴിൽ വിസയിൽ 53,575 ഇന്ത്യക്കാർ ബ്രിട്ടനിലെത്തിയിട്ടുണ്ട്. യു.എസ് തൊഴിലാളികളാണ് രണ്ടാം സ്ഥാനത്ത് (9348 ). വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ കുടിേയറ്റം നിയന്ത്രിക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. കുടിയേറ്റത്തിനൊപ്പം സ്കൂൾകുട്ടികൾക്ക് സൗജന്യ ഭക്ഷണം നിലനിർത്തി ഫീസ് നിർത്തലാക്കുന്നതുൾപ്പെടെ സാമൂഹികസുരക്ഷ പദ്ധതികളിലും മാറ്റംവരുത്തുമെന്നും പ്രകടനപത്രികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.