ഒാസ്ട്രിയയിൽ തെരഞ്ഞെടുപ്പ്; കൺസർവേറ്റിവ് പാർട്ടിക്ക് സാധ്യത
text_fieldsവിയന: പാർലമെൻറ് തെരഞ്ഞെടുപ്പിനായി 64 ലക്ഷം വോട്ടർമാർ ഞായറാഴ്ച പോളിങ് ബൂത്തിലെത്തി. 183 അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെബാസ്റ്റ്യൻ കഴ്സ് (31) എന്ന യുവനേതാവ് നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിക്കാണ് (ഒ.വി.പി) തെരഞ്ഞെടുപ്പിൽ മുൻതൂക്കം. നിലവിൽ വിദേശകാര്യമന്ത്രിയാണിദ്ദേഹം. തീവ്രവലതുപക്ഷ ഫ്രീഡം പാർട്ടിയും (എഫ്.പി.ഒ) സോഷ്യൽ ഡെമോക്രാറ്റുകളും(എസ്.പി.ഒ) രണ്ടാം സ്ഥാനത്തിനായി മത്സരിക്കുമെന്നാണ് സർവേഫലങ്ങൾ.
ബ്രെക്സിറ്റിനും ജർമൻ വോെട്ടടുപ്പിനും ശേഷം യൂറോപ്യൻ യൂനിയൻ സൂക്ഷ്മമായി നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിത്. കുടിയേറ്റമായിരുന്നു പ്രചാരണത്തിൽ പാർട്ടികളുടെ പ്രധാന ആയുധം.
രാജ്യത്തെ രാഷ്ട്രീയ സമ്പ്രദായം അടിമുടി പൊളിച്ചുപണിയുമെന്നാണ് കഴ്സിെൻറ വാഗ്ദാനം. അനധികൃത കുടിയേറ്റം തടഞ്ഞ് ഒാസ്ട്രിയയെ കൂടുതൽ സുരക്ഷിതമാക്കും. രാജ്യത്തു കഴിയുന്ന വിദേശികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കും, കുടിേയറ്റക്കാർക്കുള്ള വേതനം വെട്ടിക്കുറക്കും, യൂറോപ്പിലേക്ക് അഭയാർഥികളുടെ വഴി അടച്ചുപൂട്ടും എന്നിവയൊക്കെയാണ് മറ്റ് വാഗ്ദാനങ്ങൾ. ഒ.വി.പി 33 ശതമാനം വോട്ട് നേടുമെന്നാണ് സർവേഫലം. ക്രിസ്റ്റ്യൻ കേൺസ് നയിക്കുന്ന എസ്.പി. ഒ
ക്കും എഫ്.പി.ഒക്കും 25 ശതമാനം വോട്ടുകൾ ലഭിക്കും. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കൂട്ടുകക്ഷി സർക്കാറാവും ഭരിക്കുക. അതിനാൽ, 10 വർഷത്തിനുശേഷം ഹീൻസ് ക്രിസ്റ്റ്യൻ സ്ട്രാഷെ നയിക്കുന്ന എഫ്.പി.ഒക്ക് മന്ത്രിസഭയിൽ ഇടം നേടാനാവുമെന്നും നിരീക്ഷണമുണ്ട്. മുമ്പ് 2000-2007 വരെയാണ് പാർട്ടി അധികാരത്തിലിരുന്നത്. കഴിഞ്ഞ ഡിസംബറിൽ പ്രസിഡൻറ് സ്ഥാനത്തേക്കു നടന്ന വോെട്ടടുപ്പിൽ തലനാരിഴക്കാണ് പാർട്ടിയുടെ നോബർട്ട് ഹൂഫർ ഗ്രീൻ പാർട്ടിയുടെ വാൻ ദെർ ബെല്ലനോട് പരാജയപ്പെട്ടത്.
കഴിഞ്ഞ മേയിൽ കൂട്ടുകക്ഷി സർക്കാർ പിളർന്നതോടെ പ്രതീക്ഷിച്ചതിനും ഒരു വർഷം മുമ്പാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൺസർവേറ്റിവ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലായിരുന്നു സഖ്യം. 10 വർഷത്തിലേറെയായി ഇൗ സഖ്യമാണ് രാജ്യത്ത് ഭരണം നടത്തുന്നത്.
രാജ്യത്ത് 16 വയസ്സ് തികഞ്ഞവർക്ക് വോട്ടവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.