മഹാമാരിക്കൊപ്പം വിദ്വേഷത്തിെൻറ സുനാമിയും; ഒറ്റക്കെട്ടായി ചെറുക്കണം - യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: കോവിഡ് 19 മഹാമാരിക്കൊപ്പം ഇതുമായി ബന്ധപ്പെട്ട വിദ്വേഷത്തിന്റെ സുനാമിയും ഭീഷണിയാകുന്നെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ഇതിനെ ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് പലയിടത്തും വെറുപ്പിന്റെയും അപരവിദ്വേഷത്തിന്റെയും സുനാമിയാണ് കോവിഡ് മഹാമാരിയുടെ സാഹചര്യം തുറന്നുവിട്ടിരിക്കുന്നത്. ഇതിൽ നിന്ന് ലോക ജനതയെ രക്ഷിക്കുന്നതിനും ഈ കളങ്കം ഇല്ലാതാക്കുന്നതിനും സംഘർഷം തടയുന്നതിനും ഓരോരുത്തർക്കും ബാധ്യതയുണ്ട്. വിദ്വേഷം വളർത്താനുള്ള ശ്രമങ്ങളെയും കോവിഡ് 19നെയും നമ്മൾ ഒരുമിച്ച് തോൽപ്പിക്കണം.
നാം ആരാണെന്നോ എവിടെയാണ് ജീവിക്കുന്നതെന്നോ എന്താണ് വിശ്വസിക്കുന്നതെന്നോ എന്താണ് പദവിയെന്നോ വൈറസ് പരിഗണിക്കുകയില്ല. കോവിഡ് 19-നെ ചെറുക്കാൻ വളരെ ചെറിയ അളവിൽ പോലും ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെറുപ്പിന്റെയും അപരവിദ്വേഷത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും ഭയപ്പെടുത്തലിന്റെയും സുനാമിയാണ് കോവിഡ് മഹാമാരിയുടെ കാലത്ത് വർധിച്ചുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചാരണ പ്രസ്താവനകൾക്കെതിരെ ഐക്യപ്പെടാൻ ലോകത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു ഗുട്ടറെസ്.
ദേശം, വംശം എന്നിവ ഒക്കെ പരാമർശിക്കപ്പെടുന്ന വിവാദങ്ങളും രാജ്യങ്ങൾ തമ്മിലുള്ള കുറ്റപ്പെടുത്തലുകളും ഇപ്പോൾ സജീവമാണ്. മുസ്ലിമുകൾക്കെതിരായ ആക്രമണങ്ങൾ പോലും നടക്കുന്നെന്നും രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരും അഭയാർഥികളുമാണ് ഈ സാഹചര്യത്തിൽ ഏറ്റവുമധികം പ്രയാസങ്ങൾ അനുഭവിക്കുന്നത്. പലപ്പോഴും കൊറോണ വൈറസിന്റെ ഉറവിടങ്ങളായാണ് ഈ വിഭാഗങ്ങളെ കാണുന്നത്. അതുമൂലം ചികിത്സ പോലും അവർക്ക് നിഷേധിക്കപ്പെടുന്നു.
ഈ സാഹചര്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് എല്ലാ രാജ്യങ്ങളും വിദ്വേഷ വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തി അതത് സമൂഹങ്ങൾക്കിടയിൽ വളർത്തിയെടുക്കണം. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഓൺലൈനിൽ ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിജിറ്റൽ സാക്ഷരത നൽകണം.
വംശീയ വിദ്വേഷം പരത്തുന്നതും അപകടകരവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമ സ്ഥാപനങ്ങൾ തയാറാകണം. എല്ലാവരും വിദ്വേഷത്തിനെതിരെ അണിനിരക്കണമെന്നും പരസ്പരം അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും ദീനാനുകമ്പ പരത്തണമെന്നും ഗുട്ടറെസ് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.