കോവിഡ്: കൂടുതൽ ഇളവുകളുമായി ഇറ്റലി; യാത്രനിയന്ത്രണം നീക്കുന്നു
text_fieldsറോം: കോവിഡ് തകർത്തെറിഞ്ഞ ഇറ്റലിയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുവരുത്തുന്നു. ജൂൺ മൂന്നുമുതൽ യാത്രനിരോധനം നീക്കാനും തീരുമാനമുണ്ട്. രണ്ടുമാസമായി രാജ്യം സമ്പൂർണ ലോക്ഡൗണിലാണ്. കോവിഡ് മരണനിരക്കിൽ യു.എസിനും ബ്രിട്ടനും പിറകെ മൂന്നാംസ്ഥാനത്താണ് ഇറ്റലി. 31,600 പേരാണ് ഇവിടെ മരണപ്പെട്ടത്.
അടുത്തിടെയായി രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് ലോക്ഡൗണിൽ ഇളവുവരുത്തി സമ്പദ്വ്യവസ്ഥ തുറക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചത്. മരണനിരക്കും കുറഞ്ഞു. മാർച്ച് 26ന് 900 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് 262 ആയി കുറഞ്ഞു.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച ആദ്യയൂറോപ്യൻ രാജ്യമാണ് ഇറ്റലി. ഈമാസാദ്യത്തോടെ ചില ഇളവുകൾ അനുവദിച്ചിരുന്നു. മേയ് നാലുമുതൽ മതിയായ സുരക്ഷ നടപടികളോടെ പാർക്കുകളും ഫാക്ടറികളും തുറക്കാനാണ് അനുമതി നൽകിയത്. ലോക്ഡൗൺ പെട്ടെന്ന് നീക്കണമെന്ന് ചില പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഘട്ടംഘട്ടമായി മാത്രമേ ഇളവുകൾ അനുവദിക്കൂ എന്നായിരുന്നു പ്രധാനമന്ത്രി യൂസെപ്പെ കോണ്ടെയുടെ നിലപാട്.
മേയ് 18മുതൽ കടകളും റസ്റ്റാറൻറുകളും തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും നിർബന്ധമാണ്. കത്തോലിക ചർച്ചുകളും അന്നുതന്നെ തുറക്കുമെങ്കിലും ഫേസ്മാസ്ക് ധരിക്കാതെ വിശ്വാസികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. പോർച്ചുഗൽ, ഗ്രീസ്, ജർമനി എന്നീ രാജ്യങ്ങളും വിപണി തുറക്കാനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.