ശക്തമായ സൈബർ ആക്രമണത്തിന് സാധ്യത
text_fieldsലണ്ടൻ: സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിെൻറ ഇരകൾ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധർ. അവധി കഴിഞ്ഞ് തിങ്കളാഴ്ച പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജൻസി യൂറോപോൾ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സൈബർ സുരക്ഷ ഏജൻസി എൻ.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുൻനിര രാഷ്ട്രങ്ങളെയൊന്നാകെ മുൾമുനയിലാക്കിയിട്ടുണ്ട്. ‘വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ‘റാൻസംവെയർ’ ദുഷ്പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യൻ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്. ഏറ്റവും കൂടുതൽ ബാധിച്ച ബ്രിട്ടനിൽ നൂറോളം ആശുപത്രികളുടെ പ്രവർത്തനം തകരാറിലായി. ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ ചിറ്റൂർ, കൃഷ്ണ, ഗുണ്ടൂർ, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളിൽ പൊലീസിെൻറ 18 യൂനിറ്റുകൾ ആക്രമണത്തിനിരയായി. രാജ്യത്തൊട്ടാകെ, നൂറോളം കമ്പ്യൂട്ടറുകൾ പ്രവർത്തനം നിലച്ചതായി ദേശീയ സൈബർ സുരക്ഷ ഉപദേഷ്ടാവ് ഗുൽഷൻ റായി അറിയിച്ചു.
ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളാണ് കൂടുതലായി ആക്രമണത്തിനിരയായത്. വാഹന നിർമാതാക്കളായ റെനോ, നിസാൻ കമ്പനികൾക്ക് പ്രവർത്തനം ഭാഗികമായി നിർത്തിവെക്കേണ്ടിവന്നു
റഷ്യ, യുക്രെയ്ൻ, തായ്വാൻ എന്നീ രാജ്യങ്ങളാണ് കൂടുതൽ ഇരയായ മറ്റു രാജ്യങ്ങൾ. അവിചാരിത ഇടപെടൽ വഴി ബ്രിട്ടീഷ് സൈബർ വിദഗ്ധൻ വൈറസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തൽക്കാലം തടയിട്ടിട്ടുണ്ടെങ്കിലും ഏതുനിമിഷവും തിരിച്ചുവരാമെന്ന് മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.