കോവിഡ് വൈറസിനെതിരെ ആൻറിബോഡി വികസിപ്പിച്ചതായി ഇസ്രായേൽ
text_fieldsജെറുസലേം: രാജ്യത്തെ പ്രധാന ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസ് പ്രതിരോധത്തിന് ഫലപ്രദമായ ആൻറിബോഡി വികസിപ്പിച്ചെടുത്തതായി ഇസ്രായേൽ. ആൻറിബോഡി കണ്ടെത്താനുള്ള സുപ്രധാന വഴിത്തിരിവിൽ ശാസ്ത്രജ്ഞർ എത്തിയെന്നതിൽ അഭിമാനിക്കുന്നെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഗവേഷകർ ആൻറിബോഡിയുടെ പേറ്റൻറ്, ചികിത്സക്കായി വൻതോതിലുള്ള ഉൽപാദനം തുടങ്ങിയ ഘട്ടങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.
കൊറോണ വൈറസിനായി വാക്സിൻ വികസിപ്പിക്കാനായി ശ്രമം നടത്തുന്ന നെസ് സിയോണയിലെ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിൻെറ (ഐ.ഐ.ബി.ആർ) ലാബുകൾ പ്രതിരോധ മന്ത്രി സന്ദർശിച്ചു. ആൻറിബോഡിക്ക് മോണോക്ലോണൽ രീതിയിൽ വൈറസിനെ ആക്രമിക്കാനും രോഗികളുടെ ശരീരത്തിനുള്ളിൽ നിന്ന് അതിനെ നിർവീര്യമാക്കാനും കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആൻറിബോഡിയുടെ വികസനം പൂർത്തിയായിട്ടുണ്ടെന്നും കണ്ടെത്തലിന് പേറ്റൻറ് നേടാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നും ഗവേഷകർ അന്താരാഷ്ട്ര കമ്പനികളെ സമീപിച്ച് വാണിജ്യാടിസ്ഥാനത്തിൽ ആൻറിബോഡി ഉത്പാദിപ്പിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആൻറിബോഡി മനുഷ്യരിൽ പരീക്ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.
മാർച്ചിൽ ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ്, ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വൈറസിൻെറ ജൈവശാസ്ത്രപരമായ ഘടനയും ഗുണങ്ങളും മനസിലാക്കുന്നതിൽ സുപ്രധാനമായ മുന്നേറ്റം നടത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് സയൻസ് കോർപ്സിന്റെ ഭാഗമായി 1952 ൽ സ്ഥാപിതമായ സ്ഥാപനമാണ് ഐ.ഐ.ബി.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.