അമ്മയായതിനാൽ ലോകസുന്ദരി മത്സരത്തിൽനിന്ന് ഒഴിവാക്കി; കേസുമായി മിസ് യുക്രെയ്ൻ
text_fieldsലണ്ടൻ: കഴിഞ്ഞ വർഷത്തെ മിസ് യുക്രെയ്ൻ കിരീടം ചൂടിയ വെറോണിക ഡിഡുസെങ്കോ, തന്നെ ലോകസുന്ദരി മത്സരത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ കേസ് നൽകി.
വിവാഹിതയും അഞ്ചു വയസ്സുള്ള കുഞ്ഞിെൻറ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തിയതിനെ തുടർന്നാണ് മിസ് വേൾഡ് മത്സരത്തിൽ യുക്രെയ്നെ പ്രതിനിധാനംചെയ്യുന്നതിൽനിന്ന് അവരെ വിലക്കിയത്. ഈ വർഷത്തെ ലോകസുന്ദരി മത്സരം ഡിസംബർ 14ന് ലണ്ടനിൽ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞവർഷത്തെ ദുരനുഭവം വെറോണിക സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘അമ്മയാകാനുള്ള അവകാശത്തി’നായി ആഗോള പ്രചാരണത്തിലാണ് അവർ. വിവാഹം, ഗർഭധാരണം, മാതൃത്വം തുടങ്ങിയ വിഷയങ്ങളിൽ സൗന്ദര്യ മത്സരത്തിെൻറ നിയമങ്ങൾ പക്ഷപാതപരമാണെന്ന് 24കാരിയായ വെറോനിക പറഞ്ഞു. തനിക്ക് സുന്ദരി കിരീടം തിരിച്ചുവേണ്ട. വലിയൊരു സമൂഹത്തിനായി ഈ നിയമങ്ങളിൽ മാറ്റം വേണം. ഇവയുടെ പേരിൽ ഒട്ടേറെ പേർ വിവേചനത്തിനിരയാവുന്നതായും അവർ പറഞ്ഞു.
2010ൽ ബ്രിട്ടൻ പാസാക്കിയ സമത്വ നിയമം ലംഘിക്കുന്നതാണ് മിസ് വേൾഡ് മത്സരമെന്ന് ഹരജിയിൽ ആരോപിച്ചു. അതേസമയം, മിസ്വേൾഡ് സംഘാടകർ ഇതോട് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.