2017ലെ വാക്ക് ‘വ്യാജവാർത്ത’
text_fieldsലണ്ടൻ: കോളിൻസ് ഡിക്ഷ്നറി ഇൗ വർഷത്തെ വാക്കായി ‘ഫെയ്ക്ക് ന്യൂസ്’ (വ്യാജവാർത്ത) തിരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസത്തിനിടയിൽ ഇൗ വാക്കിെൻറ ഉപയോഗം 365 ശതമാനം വർധിച്ചെന്നാണ് കണ്ടെത്തൽ.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിരന്തര ഉപയോഗത്തിലൂടെ ഇൗ വാക്കിനെ സജീവശ്രദ്ധയിൽ നിലനിർത്തുന്നതിൽ പങ്കുവഹിച്ചെന്ന് കോളിൻസിെൻറ ഭാഷാ ഉള്ളടക്കവിഭാഗത്തിെൻറ തലവൻ ഹെലൻ ന്യൂസ്റ്റെഡ് പറയുന്നു. വാർത്ത റിപ്പോർട്ടിങ്ങെന്ന വ്യാജേന പ്രചരിപ്പിക്കുന്ന തെറ്റായ, ഉദ്വേഗജനകമായ വിവരം എന്നാണ് വാക്കിന് നൽകുന്ന നിർവചനം. പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിഷ്ടകരമായ മാധ്യമവാർത്തകളെ വിമർശിക്കാൻ ട്രംപ് ‘വ്യാജവാർത്ത’ എന്ന വാക്ക് പതിവായി ഉപയോഗിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇൗ വാക്ക് പ്രസംഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകണമോ എന്നതുസംബന്ധിച്ച് 2016 ജൂണിൽ നടത്തിയ ഹിതപരിശോധനയെത്തുടർന്ന് പ്രചാരം നേടിയ ബ്രെക്സിറ്റ് (ബ്രിട്ടെൻറ പുറത്തുപോകൽ) ആയിരുന്നു കഴിഞ്ഞവർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ വാക്കുകൾ കോളിൻസ് ഡിക്ഷ്നറിയുടെ ഒാൺലൈൻ പതിപ്പിലും ഇനിയുള്ള പ്രിൻറ് എഡിഷനുകളിലും ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.