സിറിയയിൽ യു.എസ്-തുർക്കി സേനകൾ മുഖാമുഖം; ട്രംപ്, ഉർദുഗാനുമായി ഫോണിൽ സംസാരിച്ചു
text_fieldsഅങ്കാറ: സിറിയയിലെ കുർദ് വിമതർക്കെതിരെ സൈനികനടപടി ആരംഭിച്ച തുർക്കി സേനയും െഎ.എസിനെതിരെ ആക്രമണം നടത്തുന്ന യു.എസ് സേനയും മുഖാമുഖമെത്തുമെന്ന് റിപ്പോർട്ട്. വടക്കൻ സിറിയയിലെ ആഫ്രീൻ പ്രദേശത്തെ ആക്രമണത്തിന് ശേഷം മൻബിജ് മേഖലയിലേക്ക് തുർക്കി സേന നീങ്ങിയതോടെയാണ് നാറ്റോ സഖ്യത്തിലെ ഇരു സേനകൾ തമ്മിൽ ഏറ്റുമുട്ടലിന് സാധ്യത വർധിച്ചത്.
െഎ.എസ് ഭീകരർക്കെതിരായ ആക്രമണത്തിന് യു.എസ് സേന തമ്പടിച്ചിരിക്കുന്നത് മൻബിജിലാണ്. ഇതുകൂടാതെ, തുർക്കി ആക്രമണം നടത്തുന്ന കുർദ് വിമതർ സിറിയയിലെ യു.എസ് സഖ്യകക്ഷി കൂടിയാണ്. തങ്ങൾക്കെതിരായ ഏത് ആക്രമണവും ചെറുക്കാനുള്ള അവകാശം യു.എസ് സേനക്കുണ്ടെന്ന് കഴിഞ്ഞദിവസം മൻബിജിലെ സഖ്യസേന വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സേന അതീവ ജാഗ്രതയിലാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ചയാണ് മൻബിജിൽ ആക്രമണം നടത്താനുള്ള തീരുമാനം തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വെളിപ്പെടുത്തിയത്.
അതിനിടെ കഴിഞ്ഞദിവസം സിറിയയിലെ പുതിയ സാഹചര്യം സംബന്ധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉർദുഗാനും ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്. എന്നാൽ, ചർച്ചയിലെ വിശദാംശങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രസ്താവനകൾ വ്യത്യസ്തമാണ്. ട്രംപ് തുർക്കിയുടെ സംഹാരാത്മക ആക്രമണം അവസാനിപ്പിക്കാനും സിവിലിയൻ മരണങ്ങൾ ഒഴിവാക്കാനും ഉർദുഗാനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളല്ല ഇരു നേതാക്കളും ചർച്ച ചെയ്തതെന്ന് തുർക്കി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
തുർക്കിയുടെ സൈനികനീക്കത്തിൽ ട്രംപ് എന്തെങ്കിലും ആശങ്ക പങ്കുവെച്ചിട്ടില്ലെന്നും മൻജിബിൽ ഇരു സേനകളും ഏറ്റുമുട്ടുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അങ്കാറ വൃത്തങ്ങൾ അറിയിച്ചു.
സിറിയയിലെ വൈ.പി.ജെ എന്നറിയപ്പെടുന്ന കുർദ് സായുധസേന രാജ്യത്തിന് ഭീഷണിയാണെന്നാണ് തുർക്കി വിലയിരുത്തുന്നത്. തുർക്കിയിൽ പതിറ്റാണ്ടിലേറെയായി ആഭ്യന്തര കുഴപ്പം സൃഷ്ടിക്കുന്ന നിരോധിത കുർദ് പാർട്ടിയായ പി.കെ.കെയുമായി ഇവർക്ക് ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. എന്നാൽ, സിറിയയിൽ യു.എസ് സേന െഎ.എസിനെ നേരിടുന്നതിന് ൈവ.പി.ജെക്ക് പരിശീലനവും ആയുധങ്ങളും നൽകുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ‘ഒാപറേഷൻ ഒലീവ് ചില്ല’ എന്ന് പേരിട്ട തുർക്കിയുടെ ആക്രമണത്തിൽ ഇതിനകം 260 കുർദുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. തുർക്കിയിലേക്ക് കുർദുകൾ മിസൈൽ തൊടുത്തുവിട്ടതിൽ രണ്ടുപേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.