തുർക്കിയിൽ വ്യാപക റെയ്ഡ് ആയിരത്തിലധികം ഗുലൻ അനുയായികൾ പിടിയിൽ
text_fieldsഅങ്കാറ: അമേരിക്കയിലുള്ള തുർക്കി വിമത നേതാവ് ഫതഹുല്ല ഗുലനുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 1000ത്തിലധികംപേരെ തുർക്കി ദൗത്യസേന പിടികൂടി. കഴിഞ്ഞദിവസം രാത്രി രാജ്യത്തെ 81 പ്രവിശ്യകളിലും നടത്തിയ റെയ്ഡിലാണ് ഇത്രയും പേർ പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ പട്ടാള അട്ടിമറിക്കായി ശ്രമം നടത്തിയത് ഗുലെൻറ നേതൃത്വത്തിലാണെന്നാണ് കരുതുന്നത്. അട്ടിമറിശ്രമത്തെ ജനകീയ ഇടപെടലിലൂടെ പരാജയപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 1009 ഗുലൻ അനുയായികൾ പിടിയിലായതായി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലു പറഞ്ഞു. നേരത്തെ പട്ടാള അട്ടിമറിശ്രമത്തിനുശേഷം, രാജ്യത്ത് സമാനരീതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ 10,000ത്തിലധികം പൊലീസ്, സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അരലക്ഷത്തോളം പേർ അറസ്റ്റിലായിരുന്നു. ഇൗ റെയ്ഡിെൻറ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നതെന്നാണ് അധികൃതർ പറയുന്നത്.
രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്ക് മാറ്റുന്നതിനുള്ള ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് അനുകൂലവിധിയുണ്ടായിരുന്നു. പ്രസിഡൻറ് ഉർദുഗാൻ രാഷ്ട്രീയ മേൽകൈ നേടിയ പ്രസ്തുത വിധിക്കുശേഷമാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ഹിതപരിശോധന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ സി.എച്ച്.പി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി കഴിഞ്ഞദിവസം ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.