ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി
text_fieldsഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി. തന്‍റെ ദീർഘകാല പങ്കാളിയായ മർക്കസ് റെയ്കോണനെയാണ് ഇവർ വിവാഹം ചെയ്തത്. കോവിഡ് കാലത്ത് ഏറ്റവും ആർഭാട രഹിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും 40 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാർഥ്യമായത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് മഹാമാരിയും യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും മൂലമാണ് വിവാഹം പലതവണ മാറ്റിവെക്കേണ്ടിവന്നത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്ന വിവാഹവിവരം അറിയിച്ചത്. വിവാഹ വേഷത്തിൽ വെള്ളപ്പൂക്കളും പിടിച്ചുനിൽക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കേസരന്തയിൽ വെച്ചാണ് വിവാഹം നടന്നതെന്നും ദമ്പതികളുടെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഫിൻലന്‍റ് സർക്കാർ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
മാരിനും റെയ്ക്കോണനും 16 വർഷങ്ങളായി ഒരുമിച്ചാണ് താമസം. ഇവർ രണ്ടര വയസായ മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മാരിൻ ഡിസംബറിലാണ് ഫിൻലന്‍റിന്‍റെ പ്രധാനമന്ത്രിയായത്. അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധിപയായായിരുന്നു ഇവർ. പിന്നീട് ആസ്ട്രേലിയൻ ചാൻസലറായി സെബാസ്റ്റ്യൻ കുർസ് ചുമതലയേറ്റതോടെ മാരിന് ഈ പദവി നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.