പാരിസ് കാലാവസ്ഥ ഉടമ്പടി: ജി20 ഉച്ചകോടിയിൽ ഒറ്റപ്പെട്ട് അമേരിക്ക
text_fieldsബർലിൻ: പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്നോട്ടില്ലെന്ന അംഗരാജ്യങ്ങളുടെ ഉറച്ചനിലപാട് ജി20 ഉച്ചേകാടിയിൽ അമേരിക്കക്ക് തിരിച്ചടിയായി. യു.എസ് തള്ളിയിട്ടും, ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ മറ്റുരാജ്യങ്ങൾ ഒപ്പുവെച്ചത് ലോകനേതൃത്വം അവകാശപ്പെടുന്ന രാജ്യത്തിന് ക്ഷീണമായി. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്മാറില്ലെന്ന് 19 രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് നിലപാടിനെ ജി20 അധ്യക്ഷ അംഗലാ മെർകൽ വിമർശിച്ചു. വിപണി കൂടുതൽ തുറന്നതാക്കാനും വ്യാപാര കരാറുകൾ ശക്തമാക്കാനും ഉച്ചകോടിയിൽ തീരുമാനമായി. അഭയാർഥികൾക്കായി കർമപദ്ധതികൾ തയാറാക്കും. കാർഷികോൽപാദനം കൂട്ടും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും തീരുമാനിച്ചു.
ജർമനിയിലെ ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ, സ്വതന്ത്രവിപണി വിഷയത്തിൽ അമേരിക്കയുടെ നിലപാടിന് ഇതരരാജ്യങ്ങൾ വഴങ്ങി. സ്വന്തം വിപണിയെ സംരക്ഷിക്കുന്ന ഉപാധികൾ അംഗരാജ്യങ്ങൾക്ക് മുന്നോട്ടുവെക്കാമെന്ന യു.എസ് നിലപാട് ഉച്ചകോടി അംഗീകരിക്കുകയായിരുന്നു. ആരോഗ്യം, ഡിജിറ്റൽ ടെക്നോളജി, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായി.
അതിനിടെ യു.എസും ബ്രിട്ടനും തമ്മിലുള്ള വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. അർജൻറീന, ആസ്ട്രേലിയ, ബ്രസീൽ, ചൈന, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യു.എസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ് ഉച്ചകോടിയിൽ പെങ്കടുക്കുന്നത്. രണ്ടാംദിനത്തിലും പ്രതിഷേധപ്രകടനം നടന്നു. ഉച്ചകോടിയിൽ ഡോണൾഡ് ട്രംപും വ്ലാദിമിർ പുടിനും പെങ്കടുക്കുന്നതിനെതിരെയും കാലാവസ്ഥ വ്യതിയാനം, ആഗോള സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പ്രതിഷേധം. പൊലീസ് ബാരിക്കേഡുകളും വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തു. 200ഒാളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 83 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കുരുമുളകു സ്പ്രേയും പ്രയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.