ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
text_fieldsഹാംബർഗ് (ജർമനി): ലോകരാഷ്ട്രനേതാക്കൾ സംഗമിക്കുന്ന ജി20 ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം. ജർമനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബർഗ് വേദിയാകുന്ന സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറമെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, തുർക്കി പ്രസിഡൻറ് ഉർദുഗാൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഉൾപ്പെടെ ലോകത്തെ മുൻനിരനേതാക്കൾ പെങ്കടുക്കും.
‘പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക’ എന്ന സന്ദേശവുമായി നടക്കുന്ന ദ്വിദിനസമ്മേളനത്തിൽ ആഗോളഭീകരതയെ നേരിടൽ, സാമ്പത്തികപരിഷ്കാരങ്ങൾ, കാലാവസ്ഥവ്യതിയാനം, ലോകവ്യാപാരം എന്നിവയാണ് മുഖ്യഅജണ്ട. ഇതിനുപുറമെ കുടിയേറ്റം, സുസ്ഥിരവികസനം, ആഗോളസ്ഥിരത എന്നിവയും ചർച്ചയിൽവരും. അഴിമതി നിർമാർജനവും ചർച്ചവിഷയമാണെങ്കിലും ഇക്കാര്യത്തിൽ ഏകീകൃതനയം രൂപപ്പെടാൻ സാധ്യത കുറവാണ്.
കാലാവസ്ഥവ്യതിയാനം, തുറന്ന വ്യാപാരം എന്നീ വിഷയങ്ങളിൽ മറ്റു രാഷ്ട്ര നേതാക്കളിൽനിന്ന് വിഭിന്നമായി അമേരിക്കൻ പ്രസിഡൻറ് ട്രംപ് സ്വീകരിച്ച നിലപാട് സമ്മേളനത്തിൽ ചൂടേറിയ ചർച്ചക്ക് ഇടയാക്കുമെന്നാണ് സൂചന. ലോകനേതാക്കളുമായി നരേന്ദ്ര മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും. ആദ്യദിവസം തന്നെ ആഗോളഭീകരതക്കെതിരായ പോരാട്ടം ചർച്ചയാകും. ശനിയാഴ്ചയാവും സംയുക്ത പ്രസ്താവന.
ഇത്തവണയും ഉച്ചകോടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ട്രംപ് ഉൾപ്പെടെയുള്ള ഭരണത്തലവന്മാർ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് പ്രതിഷേധം. ഞായറാഴ്ച മുതൽ പല കൂട്ടായ്മകളും ഹാംബർഗിൽ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത് 15,000 പൊലീസുകാരെയാണ് സമ്മേളനവേദിയിലും പരിസരങ്ങളിലുമായി സുരക്ഷക്ക് നിയോഗിച്ചത്. വിമാനത്താവള, ട്രെയിൻ സുരക്ഷക്കായി 4000 പൊലീസുകാർ വേറെയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.