േറാഹിങ്ക്യൻ വംശഹത്യ: യു.എന്നിനെ തള്ളി സൈന്യത്തിന് ക്ലീൻചിറ്റ്
text_fieldsനയ്പിഡാവ്: മ്യാന്മറിലെ വടക്കൻ രാഖൈനിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ വംശഹത്യ നടന്നിട്ടില്ലെന്ന് സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ സൈനിക നടപടി സംബന്ധിച്ച് െഎക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ വാദം നിരാകരിക്കുന്നതാണ് ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ട്. വംശഹത്യ, മാനവികതെക്കതിരായ കുറ്റം എന്നിവക്കും തെളിവുകൾ ലഭിച്ചില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് സംസാരിച്ച വൈസ് പ്രസിഡൻറ് മിയൻ സവെ പറഞ്ഞു.
സൈനിക നടപടിയിൽ കൂട്ടബലാത്സംഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, സൈനികാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് ഒറ്റപ്പെട്ട അതിക്രമങ്ങളാണെന്നും അവകാശപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ ബംഗ്ലാദേശ് അതിർത്തിയിലെ ചെക്ക്പോസ്റ്റിലുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് രാഖൈനിൽ സൈനിക നടപടിയുണ്ടായത്.
ആക്രമണം നടത്തിയത് റോഹിങ്ക്യൻ പോരാളികളാണെന്നായിരുന്നു സൈന്യത്തിെൻറ വാദം. സൈനിക നടപടിയിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ വീടുകൾ തീവെച്ച് നശിപ്പിക്കുകയും സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തുവെന്ന് അനുമാനിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയിൽ െഎക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പതിനായിരത്തിലേറെ പേർ പലായനം ചെയ്തതായും കണക്കാക്കുന്നു. സൈനിക നടപടിയിൽനിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ 204 റോഹിങ്ക്യൻ മുസ്ലിംകൾ നൽകിയ മൊഴിയനുസരിച്ചാണ് യു.എൻ റിപ്പോർട്ട് തയാറാക്കിയത്.
സംഭവം അന്വേഷിക്കുന്നതിന് െഎക്യരാഷ്ട്രസഭ നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘത്തിന് ഒാങ് സാൻ സൂചി സർക്കാർ പ്രവേശനം നിഷേധിച്ചിരുന്നു. അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് പ്രവേശനം അനുവദിക്കുന്നത് രാഖൈനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്ന് വാദിച്ചാണ് യു.എൻ സംഘത്തിന് മ്യാന്മർ പ്രവേശനം നിഷേധിച്ചത്. തുടർന്ന് സമാധാന നൊബേൽ പുരസ്കാര ജേതാവായ ഒാങ് സാൻ സൂചിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
വംശഹത്യ അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ അപര്യാപ്തമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.
10 ലക്ഷത്തോളം വരുന്ന റോഹിങ്ക്യൻ മുസ്ലിംകൾ അനധികൃത കുടിയേറ്റക്കാരാണെന്നാണ് തീവ്ര ബുദ്ധ ദേശീയ വാദികളുടെ പ്രചാരണം. ഇവർക്കെതിരെ സൈനിക നടപടിയും സംഘടിത ആക്രമണങ്ങളും പതിവാണ്. വെള്ളിയാഴ്ചയും രാഖൈനിലെ ഒരു ഗ്രാമത്തിൽ സൈനിക നടപടിയുണ്ടായി.
റെയ്ഡ് നടത്തുന്നതിനിടെ ചുരുങ്ങിയത് 50 റൗണ്ട് വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.