ബ്രിട്ടനിൽ ഗുരുദ്വാരക്കും പള്ളിക്കും നേരെ ആക്രമണം
text_fieldsലണ്ടൻ: ബ്രിട്ടനിലെ ലീഡ്സിൽ സിഖ് ആരാധനാലയമായ ഗുരുദ്വാരക്കും മുസ്ലിം പള്ളിക്കും നേരെ ആക്രമണം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരു ആരാധനാലയങ്ങൾക്കും നേരെ തീവെപ്പുണ്ടായത്. ബീസ്റ്റൺ എന്ന സ്ഥലത്തെ അബൂ ഹുറൈറ മസ്ജിദും ഗുരുനാനാക് നിഷ്കം സേവക് ജാഥ ഗുരുദ്വാരയുമാണ് ആക്രമിക്കപ്പെട്ടത്. വിദ്വേഷക്കുറ്റമെന്ന നിലയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രാദേശിക സമയം പുലർച്ചെ 3.45നാണ് പള്ളിയുടെ പ്രധാന കവാടത്തിന് തീകൊടുത്തത്. മിനിറ്റുകൾക്കുശേഷം ഗുരുദ്വാരയുടെ വാതിലിനും തീകൊടുത്തു. സമീപവാസികൾ പൊലീസിനെയും അഗ്നിശമന വിഭാഗത്തെയും അറിയിച്ചതിനെ തുടർന്നാണ് തീകെടുത്തിയത്. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ളവ പരിശോധിച്ച് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ പ്രതികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി ഗുരുദ്വാര വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ സാന്നിധ്യം വർധിച്ച യൂറോപ്പിൽ മുസ്ലിം-സിഖ് ആരാധനാലയങ്ങൾക്കും വ്യക്തികൾക്കും നേരെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.