ഹരീരി ഫ്രാൻസിൽ; മാക്രോണുമായി കൂടിക്കാഴ്ച
text_fieldsപാരിസ്: രാജിവെച്ച ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരി പാരിസിലെത്തി. രണ്ടാഴ്ചയായി സൗദി അറേബ്യയിലായിരുന്ന അദ്ദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ഫ്രാൻസിലെത്തിയത്. അപ്രതീക്ഷിത രാജിയെ തുടർന്ന് ലബനാനിലുണ്ടായ പ്രതിസന്ധി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച ചെയ്യുമെന്ന് ഹരീരിയുടെ മാധ്യമ ഒാഫിസ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറയുന്നു. ബുധനാഴ്ച നടക്കുന്ന സ്വാതന്ത്ര്യദിനാേഘാഷ ചടങ്ങുകളിൽ പെങ്കടുക്കാൻ ഹരീരി രാജ്യത്തെത്തുമെന്ന് ടെലിഫോണിൽ ഉറപ്പുനൽകിയതായി ലബനാൻ പ്രസിഡൻറ് മൈക്കൽ ഒൗൻ അറിയിച്ചു. ചർച്ചക്കുശേഷം ആദരസൂചകമായി കുടുംബസമേതം വിരുന്നും ഫ്രഞ്ച് പ്രസിഡൻറ് ഒരുക്കിയിട്ടുണ്ട്.
നവംബർ നാലിനാണ് സൗദി അറേബ്യയിൽവെച്ച് ലബനാൻ പ്രധാനമന്ത്രിപദം ഹരീരി രാജിവെച്ചത്. ലബനാെൻറ വിഷയങ്ങളിൽ ഇറാൻ ഇടപെടൽ ആരോപിച്ചും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞുമായിരുന്നു രാജിപ്രഖ്യാപനം.
തുടർന്ന് മാധ്യമങ്ങൾക്കു മുന്നിൽനിന്ന് വിട്ടുനിന്ന അദ്ദേഹം വീട്ടുതടങ്കലിലാണെന്നു വരെ പ്രചാരണം വന്നു. ഇൗ ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്. റിയാദിൽ തടവിൽ പാർപ്പിെച്ചന്നും സൗദി ഭരണകൂടം നിർബന്ധിച്ച് രാജിവെപ്പിച്ചെന്നുമുള്ള ആരോപണം ശരിയല്ലെന്ന് ഹരീരി പറഞ്ഞു. തടവിൽ പാർപ്പിച്ചുവെന്ന് ജർമൻ വിദേശകാര്യ മന്ത്രി ആരോപിച്ചതിനെ തുടർന്ന് ബർലിനിലെ നയതന്ത്ര പ്രതിനിധിയെ സൗദി തിരിച്ചുവിളിച്ചിരുന്നു.
ലബനാനിൽ സർക്കാറിൽ കൂട്ടുകക്ഷിയായ ഹിസ്ബുല്ലയെ ഹരീരി ശക്തമായി വിമർശിച്ചതോടെ രൂപംകൊണ്ട ഭരണ പ്രതിസന്ധി മാക്രോണിെൻറ ഇടപെടൽ വഴി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. വിദേശത്തുനിന്ന് നടത്തിയ രാജിപ്രഖ്യാപനം ലബനാൻ പ്രസിഡൻറ് ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്വദേശത്ത് തിരിച്ചെത്തിയ ശേഷം സമർപ്പിക്കണമെന്നും സ്വീകരിച്ചാൽ പോലും പുതിയ സർക്കാർ അധികാരമേൽക്കുംവരെ തുടരണമെന്നുമാണ് പ്രസിഡൻറ് നൽകിയ നിർദേശം.
നേരത്തേ ഫ്രഞ്ച് കോളനിയായിരുന്ന ലബനാൻ സ്വാതന്ത്ര്യത്തിനു ശേഷവും തുടരുന്ന ഉൗഷ്മള ബന്ധമാണ് ഫ്രാൻസ് ഇടപെടുന്നതിലേക്ക് നയിച്ചത്.
പ്രതിസന്ധിയിൽ ഇടപെടാമെന്ന് നേരത്തേ മാക്രോൺ അറിയിച്ചിരുന്നു. പാരിസിലേക്ക് ഹരീരിയെ ക്ഷണിക്കുകയും ചെയ്തു.
ഇേതതുടർന്നാണ് ഹരീരിയും പത്നിയും പാരിസിലെ എലീസി കൊട്ടാരത്തിലെത്തിയത്. ഹരീരിയുടെ ഫ്രഞ്ച് സന്ദർശനത്തെ ലബനാൻ പ്രസിഡൻറ് ഒൗനും സ്വാഗതം ചെയ്തിട്ടുണ്ട്. മാക്രോണുമായുള്ള ചർച്ചക്കുശേഷം അറബ് ലോകത്തെ പ്രമുഖരുമായും ഹരീരി സംഭാഷണം നടത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.