ഫലസ്തീനി യുവാവിനെ വെടിവെച്ചുകൊന്ന സംഭവം ഇസ്രായേല്‍ സൈനികന്‍ കുറ്റക്കാരനെന്ന് കോടതി
text_fieldsജറൂസലം: വെസ്റ്റ്ബാങ്കില്‍ പരിക്കേറ്റ ഫലസ്തീനി യുവാവിനെ നിര്‍ദയം വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്‍ കുറ്റക്കാരനെന്ന് കോടതി. തെല്‍അവീവിലെ മൂന്നംഗ ജഡ്ജിമാരടങ്ങിയ സൈനിക കോടതിയുടേതാണ് വിധി.
20കാരനായ എലോര്‍ അസാരിയക്കെതിരെ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നരഹത്യക്കുറ്റമാണ് കോടതി ചുമത്തിയത്. 2016 മാര്‍ച്ച് 21നാണ് വെസ്റ്റ്ബാങ്കിലെ ഹീബ്രൂണില്‍വെച്ച് ഫതഹ് അല്‍ശരീഫിനെയും (21) മറ്റൊരു ഫലസ്തീനി യുവാവിനെയും അസാരിയ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തുംമുമ്പ് ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഫലസ്തീനിയന്‍ മനുഷ്യാവകാശസംഘം ഈ രംഗം പകര്‍ത്തി വിഡിയോ പുറത്തുവിട്ടു.
പരിക്കേറ്റ ശരീഫിനെ സൈനികരുള്‍പ്പെടെ വളഞ്ഞിരിക്കുന്നതും പിന്നീട് അവിടേക്ക് കടന്നുവന്ന അസാരിയ തലക്കുനേരെ വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം പുറത്തുവന്നതോടെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശസംഘങ്ങള്‍ രംഗത്തത്തെി. പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കണമെന്നായിരുന്നു ശരീഫിന്‍െറ മാതാപിതാക്കളുടെ ആവശ്യം. നിയമവിരുദ്ധമായി ഫലസ്തീനികളെ കൊലപ്പെടുത്തുന്ന ഇസ്രായേലിനെതിരെ യു.എന്‍ ഇടപെടണമെന്ന് ഫലസ്തീന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വിധി കേള്‍ക്കാന്‍ അസാരിയയുടെ നൂറുകണക്കിന് അനുയായികള്‍ കോടതിയില്‍ തടിച്ചുകൂടിയിരുന്നു.
വിധിപ്രഖ്യാപനത്തിനുമുമ്പ് കോടതിമുറിയില്‍ ഇസ്രായേല്‍ സൈനികനെ പിന്തുണക്കുന്നവരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തോടനുബന്ധിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അസാരിയയുടെ അഭിഭാഷകര്‍ പറഞ്ഞു.
ശരീഫ് ബെല്‍റ്റ് ബോംബുമായത്തെിയെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. ആദ്യം കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച അസാരിയ, വെടിവെക്കും മുമ്പുതന്നെ ശരീഫ് മരിച്ചിരുന്നതായി സ്ഥിരീകരിക്കാനും ശ്രമിച്ചു. ഈ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കണ്ടത്തെി. കൊലപ്പെടുത്തുന്നതിനുമുമ്പ് ശരീഫിനെയും സുഹൃത്തിനെയും ചെക്പോയന്‍റിനടുത്തുവെച്ച് സൈനികര്‍ പരിശോധിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു.
ഇടതു-തീവ്രവലതു പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയതയും കേസില്‍ തെളിഞ്ഞുകാണാം. ഇസ്രായേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അസാരിയക്കെതിരെ നടപടിക്കായി സമ്മര്‍ദം ചെലുത്തിയപ്പോള്‍, ദേശീയവാദികളായ രാഷ്ട്രീയ നേതാക്കള്‍ ഇയാളുടെ മോചനത്തിനായി പ്രചാരണം നടത്തി. ഈ വാരാദ്യം തീവ്രവലതുപക്ഷ നേതാവും ഇസ്രായേല്‍ വിദ്യാഭ്യാസമന്ത്രിയുമായ നഫ്താലി ബെന്നറ്റ് മോചനത്തിനായി മുറവിളി കൂട്ടിയിരുന്നു.
2015ല്‍ ഫലസ്തീനികള്‍ക്കെതിരായ 186 ക്രിമിനല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 കേസുകളില്‍ അന്വേഷണം നടന്നു. അതില്‍ നാലു കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.