അയർലൻഡിൽ ഗർഭച്ഛിദ്രം നിയമവിധേയം
text_fieldsഡബ്ലിൻ: അയർലൻഡിൽ ചരിത്രം കുറിച്ച് ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിന് അനുകൂലമായി ജനം വിധിയെഴുതി. ഹിതപരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ 66ശതമാനം ആളുകൾ ഗർഭച്ഛിദ്രത്തിന് അനുകൂലമായും 33.64 ശതമാനം എതിരായും വോട്ട് രേഖപ്പെടുത്തി.
രാജ്യം ചരിത്രം കുറിച്ചുവെന്ന് ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ പ്രതികരിച്ചു. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്കൊപ്പമാണ് അദ്ദേഹം. ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അയർലൻഡിൽ വ്യാഴാഴ്ച നടന്ന ഹിതപരിശോധനയിൽ അനുകൂലിക്കുന്ന വിഭാഗത്തിന് വൻ വിജയമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. ഹിതപരിശോധനയിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഫിൻ ഗായെലും ഫിയന്ന ഫിലും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹിതപരിശോധനയിൽ വ്യക്തിപരമായി കാമ്പയിൻ നടത്തുന്നതിന് രാഷ്ട്രീയക്കാർക്ക് അനുമതി നൽകിയിരുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഭരണഘടനയിൽ എന്ത് ഭേദഗതിയായിരിക്കും വരികയെന്ന ചർച്ചയും തുടങ്ങിയിരുന്നു. അതിനിടെ, ഗർഭച്ഛിദ്രത്തെ എതിർക്കുന്ന ‘സേവ് ദ എയ്റ്റ്ത്ത്’ (Save the 8th) വിഭാഗം തോൽവി സമ്മതിച്ചു വാർത്തക്കുറിപ്പ് ഇറക്കി. ഭരണഘടന മാറിയാലും ഗർഭച്ഛിദ്ര ഭീകരത എന്ന യാഥാർഥ്യം അങ്ങനെത്തന്നെ നിൽക്കുമെന്ന് അവർ പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോൾതന്നെ ഗർഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായാണ് ‘സേവ് ദ എയ്റ്റ്ത്ത്’ രംഗത്തിറങ്ങിയത്. അയർലൻഡിൽ അമ്മക്കും ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നൽകുന്ന ഭരണഘടനഭേദഗതി 1983ലാണ് കൊണ്ടുവന്നത്.
ഗർഭച്ഛിദ്രം ഭരണഘടനപരമായി നിരോധിച്ച അയർലൻഡിൽ 2013ൽ മാത്രമാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. എക്സിറ്റ് പോളുകളിലെ ഫലവുമായി ‘ഇറ്റ്സ് എ യെസ്’ എന്ന വമ്പൻ തലക്കെട്ടോടെയാണ് ‘ഐറിഷ് ഇൻഡിപെൻഡൻറ്’ ശനിയാഴ്ച പുറത്തിറങ്ങിയത്.
32 ലക്ഷം വോട്ടർമാരാണ് ഹിതപരിശോധനയിൽ വിധിയെഴുതിയത്. വിദേശരാജ്യങ്ങളിലുള്ളവരും വോെട്ടടുപ്പിൽ പങ്കാളികളായി. കാത്തലിക് ചർച്ച് ഹിതപരിശോധനക്ക് എതിരാണ്.
സന്തോഷം -സവിതയുടെ മാതാപിതാക്കൾ
ഡബ്ലിൻ: അയർലൻഡിലെ വോട്ടെടുപ്പ് ഗർഭച്ഛിദ്രത്തിന് അനുകൂലമാകുന്നതിൽ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ‘‘സവിതക്കു നീതി ലഭിച്ചു. എെൻറ മകൾക്കു സംഭവിച്ചത് മറ്റാർക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തിൽ അയർലൻഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല’’ -സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.
ആന്ധ്രക്കാരിയായ ഡോ. സവിത ഹാലപ്പനാവറിെൻറ മരണത്തെത്തുടർന്നാണ് രാജ്യത്ത് ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി നടപ്പാക്കിയത്. രക്തത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് അപകടാവസ്ഥയിലായ സവിതക്ക് നിയമം അനുവദിക്കാത്തതിനാൽ ഗർഭച്ഛിദ്രം നടത്താൻ കഴിയാതെ വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.