ഇറ്റലിയിൽ പ്രതിസന്ധി തീരുന്നു; ഗ്വിസെപ്പെ പ്രധാനമന്ത്രിയാകും
text_fieldsറോം: ഇറ്റലിയിൽ ആഴ്ചകളായി തുടരുന്ന ഭരണ പ്രതിസന്ധി അവസാനിക്കുന്നു. മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയ ഫൈവ് സ്റ്റാർ-ലീഗ് സഖ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി പ്രഫ. ഗ്വിസെപ്പെ കോണ്ടെയെ സർക്കാറുണ്ടാക്കാൻ പ്രസിഡൻറ് സെർജിയോ മാറ്ററെല്ല ക്ഷണിച്ചു. ഇരു കക്ഷികളിൽനിന്നുമുള്ള പ്രതിനിധികൾ ചേർന്നാകും പുതിയ മന്ത്രിസഭ.
ഗ്വിസെപ്പെയെ പ്രധാനമന്ത്രിയാക്കാൻ നേരത്തേ ധാരണയായിരുന്നെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച ധനമന്ത്രി സ്ഥാനാർഥിയെ അംഗീകരിക്കാൻ പ്രസിഡൻറ് വിസമ്മതിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ, പുതിയ ധനമന്ത്രിയായി ജിയോവാനി ട്രിയയെ സഖ്യം നിർദേശിച്ചതോടെയാണ് മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് അയവായത്. ഇറ്റലിയെ യൂറോപ്യൻ യൂനിയനിൽ നിലനിർത്തണമെന്ന് വാദിക്കുന്നവരാണ് ട്രിയ.
ലീഗ് നേതാവ് മാറ്റിയോ സൽവീനിക്കാകും ആഭ്യന്തര ചുമതല. വ്യവസായം ലൂയിജി ഡി മായോ, വിദേശകാര്യം എൻസോ മിലാനേസി, പ്രതിരോധം എലിസബെറ്റ ട്രെൻറ എന്നിങ്ങനെയാണ് മറ്റു പ്രധാന വകുപ്പുകൾ.
രണ്ടാം ലോകയുദ്ധത്തിനു ശേഷം 64 സർക്കാറുകൾ മാറിഭരിച്ച ചരിത്രമുള്ള ഇറ്റലിക്ക് ഭരണ പ്രതിസന്ധി പുതുമയൊന്നുമല്ല. മാർച്ച് നാലിന് നടന്ന തെരഞ്ഞെടുപ്പിൽ ഫൈവ് സ്റ്റാർ 32 ശതമാനവും ലീഗ് 18 ശതമാനവും വോട്ട് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.