പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഇന്ത്യ മടക്കി അയച്ചു; ജർമനിയിലും ഇന്ത്യക്ക് വേണ്ടി ശബ്ദിച്ച് ജേക്കബ് ലിൻഡെൻതാൽ
text_fieldsബെർലിൻ: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇന്ത്യൻ സർക്കാർ വിസ റദ്ദാക്കിയ ഐ.ഐ.ടി മദ്രാസിലെ ജർമൻ വിദ്യാർത്ഥി ജേക്കബ് ലിൻഡെൻതാലിനെ ആരും മറന്നുകാണില്ല. വിസ റദ്ദാക്കിയതോടെ ജർമനിയിലെത്തിയെങ്കിലും പൗരത്വ ഭേദഗതി നിയമത്തോടുള്ള തന്‍റെ നിലപാട് ആവർത്തിക്കുകയാണ് ജേക്കബ്. ജർമനിയിലെ ബെർലിനിൽ ഇന്ത്യക്കാർ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണ്. പൗരത്വ ഭേദഗതി വിഷയത്തിൽ ഇന്ത്യൻ സർക്കാർ എതിർവാദങ്ങൾ സ്വീകരിക്കുന്നില്ലെന്നും ജേക്കബ് ലിൻഡെൻതാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ചെന്നൈയിൽ നടന്ന പൗരത്വ സമരങ്ങളിൽ പങ്കെടുത്തതിനാണ് ജേക്കബിനെ ഇന്ത്യയിൽനിന്നും മടക്കിയയച്ചത്. ഈ വര്‍ഷം ജൂൺ വരെ കാലാവധി ഉണ്ടായിരിക്കെയാണ് ഫെബ്രുവരി 8ന് വിസ റദ്ദ് ചെയ്യപ്പെട്ടതായി ജർമനിയിലെ ഇന്ത്യൻ എംബസിയിൽനിന്ന് ജേക്കബിന് വിവരം ലഭിക്കുന്നത്. ജർമനിയിലെ ഡ്രെസ്ഡെന് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും എക്സ്ചേഞ്ച് പ്രോഗ്രാമിന് വേണ്ടി മദ്രാസ് ഐ.ഐ.ടിയിൽ എത്തിയ ജേക്കബിന്‍റെ പഠനം വരുന്ന മെയിൽ അവസാനിക്കാനിരിക്കെയാണ് യാതൊരു കാരണവും കാണിക്കാതെ വിസ റദ്ദ് ചെയ്തത്. എന്നാൽ നിലവിൽ പൂർത്തിയാക്കിയ ഒരു സെമസ്റ്ററിന്‍റെ രേഖകൾ ജേക്കബിന് ലഭ്യമാക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.