കിറ്റ്കാറ്റ് രൂപം കാഡ്ബറിക്കും ആവാമെന്ന് കോടതി
text_fieldsലണ്ടൻ: ചോക്ലറ്റ് വിപണിയിലെ അതികായന്മാർ തമ്മിൽ ഒരു ദശാബ്ദത്തോളം നീണ്ട നിയമപോരാട്ടത്തിൽ നെസ്ലെക്ക് തിരിച്ചടി. സ്വിസ് കമ്പനിയായ നെസ്ലെ തങ്ങളുടെ പ്രമുഖ ഉൽപന്നമായ കിറ്റ്കാറ്റിെൻറ നാലുവിരൽ രൂപത്തിന് ട്രേഡ്മാർക്ക് അവകാശപ്പെട്ട് ബ്രിട്ടീഷ് കമ്പനി കാഡ്ബറിക്കെതിരെ നൽകിയ പരാതിയിലാണ് യു.കെയിലെ അപ്പീൽ കോടതി ബുധനാഴ്ച വിധി പറഞ്ഞത്.
കിറ്റ്കാറ്റിെൻറ നാലുവിരൽ രൂപത്തിന് ജർമനി, ഫ്രാൻസ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്. ട്രേഡ്മാർക്കിന് രജിസ്ട്രേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി യു.കെ ഹൈകോടതിയും യൂറോപ്യൻ യൂനിയൻ കോടതിയും തള്ളിയിരുന്നു. തുടർന്നാണ് നെസ്ലെ അപ്പീൽ കോടതിയെ സമീപിച്ചത്. അപ്പീൽ കോടതി വിധിക്കെതിരെ നെസ്ലെ യു.കെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയുന്നു.
പ്രമുഖ ഉൽപന്നമായ െഡയറി മിൽക്കിെൻറ പർപ്ൾ നിറത്തിന് ട്രേഡ്മാർക്ക് നേടാനുള്ള കാഡ്ബറിയുടെ ശ്രമം നേരത്തേ നെസ്ലെ കോടതിയിൽ എതിർത്ത് തോൽപിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയായ റോൺട്രീയാണ് നാലുവിരൽ രൂപത്തിലുള്ള ചോക്ലറ്റ് 1935ൽ ആദ്യമായി വിപണിയിലെത്തിച്ചത്. 1998ൽ റോൺട്രീയെ നെസ്ലെ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.