ഇറാൻ ആണവ കരാർ നിലനിൽക്കും –ഫ്രാൻസ്
text_fieldsപാരിസ്: ഇറാനുമായുള്ള ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയെന്നുവെച്ച് കരാർ ഇല്ലാതാകില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യീവ്സ് ലെ ദ്രിയൻ. യു.എസിെൻറ പിന്മാറ്റം മാത്രമാണ് അവിടെ നടന്നത്. മറ്റു രാജ്യങ്ങൾ ഇറാനൊപ്പമുണ്ടെന്നും ഫ്രഞ്ച് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ഇറാനിലെ കമ്പനികളെ സംരക്ഷിക്കാൻ ഏതു നടപടിയും സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറിെൻറ വക്താവ് വ്യക്തമാക്കി.
യു.എസ് പിന്മാറിയ സാഹചര്യത്തിൽ കരാർ മുന്നോട്ടുെകാണ്ടുപോകുക ബുദ്ധിമുട്ടാണെങ്കിൽ അത് സംരക്ഷിക്കുമെന്ന് ഫ്രാൻസ് ഉറപ്പു നൽകി. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ ഫ്രാൻസും ബ്രിട്ടനും ജർമനിയും ഇറാനും യോഗം ചേരും. ട്രംപിെൻറ തീരുമാനം നിരാശജനകമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. ചൈനയും നിരാശ രേഖപ്പെടുത്തി. യു.എൻ മേധാവി അേൻറാണിയോ ഗുെട്ടറസും ആശങ്ക പ്രകടിപ്പിച്ചു. കരാറിന്മേലുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് ഫ്രാന്സിനെയും ജർമനിയെയും ഒപ്പം ചേർത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി. ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള ഏതു നീക്കത്തെയും ചെറുത്തുതോൽപിക്കുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും പറഞ്ഞു. തീരുമാനത്തിന് യു.എസ് വലിയ വില െകാടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അതേസമയം, നീക്കത്തെ ഇറാെൻറ ബദ്ധശത്രുക്കളായ ഇസ്രായേലും സൗദിയും സ്വാഗതംചെയ്തു. വിനാശകരമായ കരാറിൽനിന്നു പിൻവാങ്ങിയ ട്രംപിന് പൂർണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു.
യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ജർമനിയും ഉൾപ്പെടെയാണ് ഇറാനുമായി കരാറിൽ ഒപ്പിട്ടത്. കരാർ സംരക്ഷിക്കാൻ ശ്രമിക്കുമെങ്കിലും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം കുറക്കണമെന്നതായിരുന്നു ആണവ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പകരമായി ഇറാനെതിരായ ഉപരോധങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ, കരാറിൽനിന്ന് പിന്മാറിയതോടെ, ഇറാനെതിരായ ഉപരോധങ്ങൾ പൂർവ സ്ഥിതിയിൽ തുടരുമെന്ന് യു.എസ് വ്യക്തമാക്കി. ട്രംപിെൻറ തീരുമാനത്തെ രോഷത്തോടെയാണ് ഇറാൻ വരവേറ്റത്. ട്രംപിെൻറ മാനസികനില തകരാറിലാണോയെന്ന സംശയം സ്പീക്കർ പങ്കുവെച്ചു. പാർലമെൻറ് അംഗങ്ങൾ യു.എസ് പതാക കത്തിച്ചു. യു.എസ് പിന്മാറിയാലും വ്യാപാരബന്ധം പഴയപോലെ മുന്നോട്ടുകൊണ്ടുപോകാമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഉറപ്പുനൽകിയില്ലെങ്കിൽ ഇറാൻ കരാറിൽനിന്ന് പിന്മാറുമെന്ന് ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇൗ മുന്നറിയിപ്പു നൽകി.
ഇറാൻ ആണവ കരാർ
2015ൽ ബറാക് ഒബാമയുടെ നേതൃത്വത്തിൽ രൂപംകൊടുത്ത കരാറിൽ (ജോയൻറ് കോംപ്രഹൻസിവ് പ്ലാൻ ഒാഫ് ആക്ഷൻ-ജെ.സി.പി.ഒ.എ) നിന്നാണ് യു.എസിെൻറ പിന്മാറ്റം. കരാറിലെ പ്രധാന നിർദേശങ്ങൾ:
•ആണവ പരിപാടികൾ ഇറാൻ അവസാനിപ്പിക്കണം.
•ഇറാെൻറ മിസൈൽ പരീക്ഷണങ്ങൾ കരാറിെൻറ പരിധിയിൽ െകാണ്ടുവരണം.
•സിറിയയിലെയും യമനിലെയും ഇറാെൻറ ഇടപെടൽ അവസാനിപ്പിക്കുക.
•ഇറാൻ യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറക്കുക.
•അരാക്കയിലെ ആണവ റിയാക്ടർ പ്ലൂേട്ടാണിയം ഉൽപാദനം നടത്താനാകാത്തവിധം പുനർനിർമിക്കും.
•അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ ഇറാെൻറ രഹസ്യ പരിപാടികൾ നിരീക്ഷിക്കും.
•യു.എസ്, യു.എൻ, യൂറോപ്യൻ യൂനിയൻ ഉപരോധങ്ങൾ എടുത്തുമാറ്റും.
ഉപരോധ ശേഷം സംഭവിക്കുന്നത്
•ഉപരോധം പ്രാബല്യത്തിലാകുന്നതോടെ ഇറാനിൽനിന്ന് ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതി കുറയും. ലോകത്തിലെ അഞ്ചാമത്തെ എണ്ണ ഉൽപാദന രാജ്യമാണ് ഇറാൻ.
• ഉപരോധങ്ങൾ അവസാനിച്ചതോടെ 2016 മുതൽ ഇറാൻ എണ്ണ ഉൽപാദനം പ്രതിദിനം 10 ലക്ഷം ബാരലായി വർധിപ്പിച്ചിരുന്നു. ഇറാനെ വിപണിയിൽനിന്ന് പിൻവലിക്കുന്നതോടെ എണ്ണവില ഉയരാർ സാധ്യതയുണ്ട്. നിലവിൽ ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതും വെനിസ്വേലയിെല സാമ്പത്തിക പ്രതിസന്ധിയും മൂലം എണ്ണവില കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏപ്രിലിൽ 38 ലക്ഷം ബാരൽ എണ്ണയാണ് ഇറാൻ ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്.
•ഇറാനെതിരായ ഉപരോധം യൂറോപ്യൻ കമ്പനികളെയും ബാധിക്കും.ആറു മാസത്തിനകം വ്യാപാരം അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ യൂറോപ്യൻ കമ്പനികൾക്കെതിരെയും ഉപരോധം ചുമത്തുമെന്നും ഭീഷണിയുണ്ട്.
•ഉപരോധം വരുന്നതോടെ ആഗോള കമ്പനികൾ ഇറാനിൽനിന്ന് എണ്ണ വാങ്ങാതാവും.ഇറാെൻറ എണ്ണമേഖല തകർക്കുക, വിമാനങ്ങളുടെ നിർമാണത്തിനുള്ള സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നത് തടയുക, യു.എസ് ഡോളർ ബാങ്ക്നോട്ടുകൾ വാങ്ങിക്കൂട്ടുന്നത് തടയുക എന്നീ ലക്ഷ്യങ്ങളാണ് യു.എസിനു മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.