സമുദ്രത്തിനടിയിലെ വിസ്മയ ലോകത്തിൽ അദ്ഭുതം കൂറി അന്വേഷണ സംഘം
text_fieldsസിഡ്നി: വർഷങ്ങൾ നീണ്ട തിരച്ചിൽ നടത്തിയിട്ടും കാണാതായ മലേഷ്യൻ വിമാനം എം.എച്ച് 370നെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെങ്കിലും ഇതിലൂടെ വെളിപ്പെട്ടത് സമുദ്രത്തിെൻറ അടിത്തട്ടിൽ ആരും കാണാതെ മറഞ്ഞുകിടന്ന ലോകം. ഭൂമിക്കു മുകളിലേതുപോലെ അഗ്നിപർവതങ്ങളും അഗാധ താഴ്വാരങ്ങളും പർവത ശിഖരങ്ങളും നിറഞ്ഞ അമ്പരപ്പിക്കുന്ന ലോകമായിരുന്നു അത്. ആസ്ട്രേലിയ പുറത്തുവിട്ട പുതിയ മാപ്പിലാണ് ഇവയെക്കുറിച്ചുള്ളത്.
ഇന്ത്യൻ മഹാസമുദ്രത്തിെൻറ ദക്ഷിണഭാഗത്തു നടന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലിനൊടുവിൽ ലഭിച്ച വിവരങ്ങൾ വെച്ചാണ് സമുദ്രത്തിെൻറ അടിത്തട്ടിലെ മാപ്പ് തയാറാക്കിയത്. കടലിെൻറ ആഴക്കാഴ്ചകളിലേക്ക് ഏറെ സഹായകമാവും ഇതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സമുദ്രത്തിെൻറ 10 മുതൽ 15 ശതമാനം വരെയുള്ള ഭാഗങ്ങൾ എം.എച്ച് 370നായുള്ള ഇൗ തിരച്ചിലിൽ ഉൾപ്പെട്ടതായി ആസ്ട്രേലിയയുടെ പരിസ്ഥിതി ജിയോസയൻസ് മേധാവി സ്റ്റുവാർട്ട് മിൻചിൻ പറഞ്ഞു.
ഭൂമിയിലെ ഏറ്റവും ആഴംകൂടിയ സമുദ്രഭാഗങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഇൗ ഭാഗം. വരുംകാലത്തെ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ഇൗ മാപ്പുകൾ ഏറെ ഉപകാരപ്പെടുമെന്നും മിൻചിൻ ചൂണ്ടിക്കാട്ടുന്നു. മലേഷ്യൻ യാത്രവിമാനമായ ബോയിങ് 777 കാണാതായിട്ട് മൂന്നു വർഷം പിന്നിട്ടുകഴിഞ്ഞു. അതിൽ യാത്രചെയ്തിരുന്ന 239 പേെര കുറിച്ചും വിവരങ്ങളില്ലാതെ ദുരൂഹമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.