ബ്രിട്ടനിൽ വീണ്ടും ഭീകരാക്രമണം; ഏഴു മരണം
text_fieldsലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരമധ്യത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനെ നടുക്കി രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഭീകരാക്രമണം നടക്കുന്നത്. സംഭവത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തെരേസ മേയ്, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും തീവ്രവാദ വിരുദ്ധ നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്നും പറഞ്ഞു.
ശനിയാഴ്ച രാത്രി 10 മണിയോടെ വാനിലെത്തിയ മൂന്നംഗ സംഘം അമിത വേഗത്തിൽ ലണ്ടൻ പാലത്തിൽ വഴിയാത്രക്കാർക്കു മേൽ ഇടിച്ചുകയറ്റിയും പിന്നീട് സമീപത്തെ മാർക്കറ്റിൽ നിരവധി പേരെ കത്തികൊണ്ട് കുത്തിയുമാണ് ആക്രമണം അഴിച്ചുവിട്ടത്. റസ്റ്റാറൻറുകളും ബാറുകളും കൂടുതലായി പ്രവർത്തിക്കുന്ന ബറോ മാർക്കറ്റിൽ അവധിയാഘോഷിക്കാനെത്തിയവരാണ് ആക്രമണത്തിനിരയായവരിലേറെയും. തിരക്കേറിയ ലണ്ടൻ പാലത്തിൽ 20 പേരെയാണ് വാഹനം ഇടിച്ചിട്ടത്. നിർത്താതെ മുന്നോട്ടുപോയി സമീപത്തെ മാർക്കറ്റിൽ ഇടിച്ചുനിർത്തിയ േശഷം വാഹനത്തിൽ നിന്നിറങ്ങിയ മൂന്നുപേർ കാണുന്നവരെയൊക്കെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രദേശത്തെ പബ്ബുകളുടെ ഡോറുകൾ അടിച്ചുതകർത്തും വലിയ കത്തി ചുഴറ്റിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ കസേരകൊണ്ടും പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ടുമാണ് പലരും എതിരിട്ടത്. ഒന്നിലേറെ പബ്ബുകളിലും റസ്റ്റാറൻറുകളിലും കയറി അകത്തുണ്ടായിരുന്നവർക്കുനേരെ ആക്രമണം നടത്തി. പലർക്കും കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. പരിക്കേറ്റ പലരുടെയും നില അതി ഗുരുതരമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
ഇതിനിടെ സ്ഥലത്തെത്തിയ സായുധ പൊലീസ് ആക്രമണമഴിച്ചുവിട്ട മൂന്നുപേരെയും വെടിവെച്ചുകൊന്നു. അരയിൽ ബോംബ് വെച്ചെന്നുവരുത്തി ആളുകളെ ഭയപ്പെടുത്താൻ മൂവരും അരപ്പട്ടകെട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ‘ദൈവത്തിനു വേണ്ടി’യെന്നു വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. ഭീകരരുടെ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
കിഴക്കൻ ലണ്ടനിലെ ബാർകിങ്ങിൽ ഫ്ലാറ്റുകളിൽ നടത്തിയ തിരച്ചിലിൽ നാല് സ്ത്രീകളുൾപെടെ 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടത്തിയ മൂന്നുപേരും ഇവിടെ ഒരു ഫ്ലാറ്റിലായിരുന്നു താമസമെന്ന് കണ്ടെത്തിയിട്ടുണ്ട്. മേയ് 22ന് മാഞ്ചസ്റ്ററിൽ അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡെയുടെ പരിപാടിക്കിടെ ചാവേർ പൊട്ടിത്തെറിച്ച് കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടിരുന്നു. ഇവിടെ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരാനും അനുശോചിക്കാനും അരിയാന ഗ്രാൻഡെ മണിക്കൂറുകൾ കഴിഞ്ഞ് മാഞ്ചസ്റ്ററിൽ എത്താനിരിക്കെയാണ് ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. മാർച്ച് 22ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ കാർ ഇടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. ഇൗ രണ്ട് ആക്രമണങ്ങളുമായി പുതിയ ആക്രമണത്തിന് ബന്ധമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ആക്രമണത്തിൽ ലോക നേതാക്കൾ നടുക്കം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.