അയാ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യ നമസ്കാരം; പങ്കെടുത്ത് ഉർദുഗാൻ
text_fieldsഇസ്തംബൂൾ: തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ അയാ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി മുസ്ലിംകളുടെ നമസ്കാരം നടന്നു. ഇസ്തംബൂളിെൻറ അടയാളമായ അയാ സോഫിയ ഈ മാസം ആദ്യം മുസ്ലിം പള്ളിയാക്കി വീണ്ടും മാറ്റിയ ശേഷം നടക്കുന്ന ആദ്യത്തെ ജുമുഅ നമസ്കാരത്തിൽ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പങ്കെടുത്തു.
1930ൽ പള്ളിയെ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് ഉന്നതകോടതി വിധിച്ചതിനു പിന്നാലെയാണ് 1500 വർഷം പഴക്കമുള്ള അയാ സോഫിയ വീണ്ടും മുസ്ലിംകൾക്ക് ആരാധനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ‘യുനെസ്കോ’ ലോക പൈതൃകപട്ടികയിൽ പെടുത്തിയ കെട്ടിടമാണിത്. ബൈസാൻറിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് 537ൽ അയാ സോഫിയ ക്രിസ്തീയ ദേവാലയം നിർമിക്കുന്നത്. എന്നാൽ, 1453ൽ കോൺസ്റ്റാൻറിനോപ്പിൾ 1453ൽ ഒട്ടോമൻ അധീനതയിലായതോടെ ഇത് മുസ്ലിം പള്ളിയാക്കി മാറ്റി. നൂറ്റാണ്ടുകൾ പള്ളിയായിരുന്ന ഇവിടം ആധുനിക മതേതര തുർക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കമാൽ അതാതുർക് ആണ് മ്യൂസിയം ആക്കി മാറ്റിയത്. ഇത് വലിയ പിഴവായിരുന്നുവെന്ന് ഉർദുഗാൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
വെള്ളിയാഴ്ച നടന്ന ചരിത്രപ്രാധാന്യമുള്ള നമസ്കാരത്തിൽ നിരവധി സ്ത്രീ പുരുഷന്മാർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രാർഥന. പ്രാർഥനക്കെത്തുന്നവർ മുഖാവരണവും മുസല്ലയും മാത്രമല്ല, ക്ഷമയും പരസ്പര ധാരണയും സ്വയം കരുതണമെന്ന് ഇസ്തംബൂൾ ഗവർണർ അലി യെർലികയ അഭ്യർഥിച്ചിരുന്നു.
അയാ സോഫിയ പള്ളിയായി മാറിയെങ്കിലും ഇവിടെ എല്ലാവിഭാഗത്തിൽ പെട്ട മതവിശ്വാസികളെയും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾക്കും തുറന്നുകൊടുക്കും. നമസ്കാര സമയത്ത് കെട്ടിടത്തിനകത്തുള്ള ക്രിസ്തീയ രൂപങ്ങൾ മറയ്ക്കാനാണ് തീരുമാനം. ഇനിമുതൽ അഞ്ചു നമസ്കാരങ്ങളും തടസ്സമില്ലാതെ നടത്തും. തുർക്കിയുടെ തീരുമാനത്തിനെതിരെ യു.എസ്, യൂറോപ്യൻ യൂനിയൻ, റഷ്യ, വിവിധ ചർച്ചുകളുടെ നേതാക്കൾ തുടങ്ങിയവരും ‘യുെനസ്കോ’യും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.