വിജയ് മല്യയെ ബ്രിട്ടൻ വിട്ടു നൽകണമെന്ന് മോദി
text_fieldsബർലിൻ: വൻ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തു നിന്ന് കടന്ന വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടാണ് മല്യയെ വിട്ടു നൽകാൻ പിന്തുണക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ മറ്റു കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു.
വിവിധ ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നൽകിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാനുള്ള കേസിൽ വിചാരണ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലിന് ആരംഭിക്കും.
ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി മറ്റു രാഷ്ട്രതലവൻമാരുമായി കൂടിക്കാഴ്ച നടത്തി. നോർവേ പ്രധാനമന്ത്രി എർന സോൾബെർഗ്, ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ, ഇറ്റലി പ്രധാനമന്ത്രി പൗലോ ജെൻറിലോണി, അർജൻറീന പ്രധാനമന്ത്രി മൗറീഷ്യ മാക്രി എന്നിവരുമായും മോദി ചർച്ചകൾ നടത്തി. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂണിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര, നിക്ഷേപ മേഖലകളിലായിരുന്നു ഇന്ത്യ- ഇറ്റലി ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.