പുതിയ രോഗികളില്ല; ന്യൂസിലൻഡിന് ആശ്വാസ ദിനം
text_fieldsവെല്ലിങ്ടൺ: കോവിഡിനെ പിടിച്ചുകെട്ടാനുള്ള ന്യൂസിലൻഡിെൻറ പരിശ്രമം വിജയം കാണുന്നതായി സൂചന. ഇന്നലെ ആർക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. മാർച്ച് 16 ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്ത് പുതിയ കേസുകളൊന്നും ഇല്ലാത്ത ആദ്യ ദിവസമാണിത്.
പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മരണസംഖ്യ 20ൽ തന്നെ തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിെൻറ ഫലമാണിത്. അങ്ങനെ തന്നെ നിലനിർത്തണമെന്നാണ് ആഗ്രഹം’’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ന്യൂസിലൻഡ് കർശനമായ ലോക്ഡൗണിൽ ഇളവുവരുത്തിയത്. എങ്കിലും ലക്ഷക്കണക്കിന് പൗരൻമാർ ഇപ്പോഴും വീട്ടിലിരുന്നുതന്നെയാണ് ജോലിയും പഠനവും നിർവഹിക്കുന്നത്. നിരവധി സാമൂഹിക നിയന്ത്രണങ്ങളും നിലവിലുണ്ട്. കോവിഡ് മടങ്ങിവരില്ലെന്ന് ഉറപ്പാക്കാൻ ആളുകൾ സാമൂഹിക അകലം പാലിക്കൽ തുടരണമെന്ന് ബ്ലൂംഫീൽഡ് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഇതുവരെ 1487 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1276 പേരും സുഖംപ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.