സമാധാന നൊബേൽ ഗ്രേറ്റക്കാകുമോ?
text_fieldsസ്റ്റോക്ഹോം: സമാധാനത്തിനുള്ള നൊബേൽ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, ഇത്തവണത്തെ ജേതാവ് കാലാവസ്ഥ വ്യതിയാനത്തിനെതിരെ നിലകൊള്ളുന്ന സ്വീഡിഷ് സ്കൂൾ വിദ്യാർഥിനി ഗ്രേറ്റ തുൻബെർഗാകുമെന്ന് വിലയിരുത്തൽ. സാഹിത്യത്തിനുള്ള നൊബേൽ കഴിഞ്ഞതവണ കൊടുത്തിട്ടില്ല. അതും ഇത്തവണ പ്രഖ്യാപിക്കും. അതിനാൽ, 2018ലെയും 2019ലെയും സാഹിത്യകിരീടം ചൂടുന്നത് ആരാകുമെന്ന ഇരട്ടി ആകാംക്ഷയിലാണ് സാഹിത്യലോകം.
ഗ്രേറ്റയുടെ കാലാവസ്ഥക്കുവേണ്ടിയുള്ള സ്കൂൾ ബഹിഷ്കരണവും ‘ഭാവിക്കായുള്ള വെള്ളിയാഴ്ച’ പ്രസ്ഥാനവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെയാണ് സ്വാധീനിച്ചത്. എന്നാൽ, ഇതുകൊണ്ടുമാത്രം ഈ പെൺകിടാവിനെ ലോകോത്തര പുരസ്കാരത്തിന് പരിഗണിക്കുമോ എന്നത് വ്യക്തമല്ല. കാരണം, കാലാവസ്ഥ മാറ്റവും സംഘർഷങ്ങളും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കുമെന്ന കാര്യത്തിൽ തെളിച്ചമില്ലാതെ പോയാൽ, ഈ മേഖല പരിഗണനയിൽ വരില്ല. െനാബേൽ സമിതിയുടെ പട്ടികയിലുള്ളവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒക്ടോബർ 11ന് ഓസ്ലോയിൽ സമാധാന പുരസ്കാരം പ്രഖ്യാപിക്കുന്നതിെൻറ തലേന്ന്, സാഹിത്യപുരസ്കാരം പ്രഖ്യാപിക്കുന്ന സ്വീഡിഷ് അക്കാദമി തങ്ങൾ പരിഗണിക്കുന്നവരുടെ പേരുകൾ സ്റ്റോക്ഹോമിൽ വെളിപ്പെടുത്തും. ലൈംഗിക ആരോപണവും വാക്പോരുമായി കഴിഞ്ഞ തവണയുണ്ടായ ദുഷ്പേര് ഇത്തവണയെങ്കിലും മായ്ച്ചുകളയണമെന്ന ദൃഢനിശ്ചയത്തിലാണ് അധികൃതർ. സാഹിത്യ നൊബേലിെൻറ 70 വർഷ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ തവണ പുരസ്കാരം നൽകാതെ മാറ്റിയത്. അക്കാദമിയിലെ ഉൾപ്പോരുകൾ കനത്തതോടെ 18 അംഗങ്ങളിൽ ഏഴുപേർ കഴിഞ്ഞ വർഷം രാജിവെക്കുകയായിരുന്നു. ഇത് തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചു.
2018ലെയും 2019ലെയും സാഹിത്യ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ, പോളിഷ് എഴുത്തുകാരി ഓൾഗ ടൊകാർചുക്, കെനിയൻ എഴുത്തുകാരൻ എൻഗുഗി വാ തിയോങ്കോ, അൽബേനിയയിലെ ഇസ്മായിൽ കാദരെ, യു.എസ് നോവലിസ്റ്റ് ജോയ്സ് കരോൾ ഓട്സ്, ജപ്പാനിലെ ഹരുകി മുറകാമി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്ന് വിവിധ സാഹിത്യ ഗ്രൂപ്പുകളിൽ സംസാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.