ചൈനക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തര കൊറിയൻ മാധ്യമം
text_fieldsപ്യോങ്യാങ്: ദീർഘകാലത്തെ സഖ്യരാജ്യമായ ചൈനക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഉത്തര കൊറിയൻ മാധ്യമം. ആണവപരീക്ഷണങ്ങളിൽനിന്ന് പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
ആദ്യമായാണ് ഉ. കൊറിയൻ മാധ്യമം ചൈനക്കെതിരെ കൊമ്പുകോർക്കുന്നത്. ഉത്തര കൊറിയയുടെ ആണവപദ്ധതികൾ അവിവേകമാണെന്നും അത് കൊറിയൻ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് വിമർശിച്ചിരുന്നു. പുതിയ ആണവപരീക്ഷണങ്ങളെ തുടർന്ന് ഉ. കൊറിയക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് താക്കീതിെൻറ സ്വരത്തിൽ ഉ. കൊറിയൻ മാധ്യമം രംഗത്തുവന്നത്.
‘‘ചൈന തങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. അതിനു മുതിർന്നാൽ കനത്തവില നൽകേണ്ടിവരും. അവിടത്തെ അജ്ഞരായ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉപദേശിക്കാൻ വായ് തുറക്കുംമുമ്പ് ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. ദീർഘകാല സഖ്യരാജ്യവുമായുള്ള ബന്ധത്തിന് വിള്ളൽ വീണാലും ആണവപരീക്ഷണവുമായി മുന്നോട്ടുപോകും’’ എന്നായിരുന്നു കൊറിയൻ സെൻട്രൽ വാർത്ത ഏജൻസിയുടെ (കെ.സി.എൻ.എ) മുന്നറിയിപ്പ്. തങ്ങളെ കാര്യമറിയാതെ വിമർശിക്കുന്ന ചൈന യു.എസിെൻറ താളത്തിനൊത്ത് തുള്ളുകയാണെന്നും ഏജൻസി ആരോപിച്ചു.
സൗഹൃദം നിലനിർത്താൻ ചൈനയോട് യാചിക്കേണ്ട ഗതികേടൊന്നും ഡി.പി.ആർ.കെക്ക് (ഡെമോക്രാറ്റിക് പീപ്ൾസ് റിപ്പബ്ലിക് ഒാഫ് കൊറിയ) ഇല്ലെന്നും കൊറിയൻ വാർത്ത ഏജൻസി വ്യക്തമാക്കി. അയൽരാജ്യവും വ്യാപാരരംഗങ്ങളിൽ മുഖ്യപങ്കാളിയായ ചൈന ഉത്തര കൊറിയയുടെ ഏറ്റവുമടുത്ത സഹായിയുമാണ്.
1950-53ലെ കൊറിയൻ യുദ്ധകാലഘട്ടത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. സംഘർഷം ഉടലെടുത്ത കൊറിയൻ മേഖലയിൽ സമാധാനദൗത്യത്തിെൻറ ചുമതലയായിരുന്നു ചൈനക്ക്. എന്നാൽ, ഉത്തര െകാറിയയുടെ തുടരെയുള്ള ആണവ-മിസൈൽ പരീക്ഷണങ്ങൾക്കെതിരെ ചൈന രംഗത്തുവന്നതോടെ അടുത്തിടെയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽതട്ടിയിരുന്നു.
തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തര കൊറിയക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന കോൾ ഉൽപന്നങ്ങളുടെ ഇറക്കുമതി ചൈന റദ്ദാക്കുകയും ചെയ്തു. അപ്പോഴും പേരുപരാമർശിക്കാതെ കെ.സി.എൻ.എ ചൈനയെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.