പെഡ്രോ സാഞ്ചസ് സ്പെയിൻ പ്രധാനമന്ത്രിയായി അധികാരമേറ്റു
text_fieldsമഡ്രിഡ്: സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പെഡ്രോ സാഞ്ചസ് സ്പെയിൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. അവിശ്വാസപ്രമേയത്തെ തുടർന്ന് കൺസർവേറ്റിവ് പാർട്ടി പ്രതിനിധി മരിയാനോ റജോയിക്ക് സ്ഥാനം തെറിച്ചതോടെയാണ് അധികാരമാറ്റത്തിന് കളമൊരുങ്ങിയത്.
ഇടതുപക്ഷ പാർട്ടികളും ബാസ്ക്, കാറ്റലൻ ദേശീയവാദികളും അടക്കമുള്ളവരുടെ പിന്തുണയോടെയാണ് സാഞ്ചസ് സർക്കാർ നിലവിൽവന്നിരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹിക അടിയന്തരാവസ്ഥകൾ പരിഹരിക്കാനാവും പരിശ്രമിക്കുകയെന്ന് സാഞ്ചസ് രാജാവ് ഫിലിപ് ആറാമന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പ്രസ്താവിച്ചു.
മരിയാനോ റജോയി ഇൗ വർഷം അവതരിപ്പിച്ച ബജറ്റ് മാറ്റില്ലെന്നും കാറ്റലൻ ദേശീയവാദികളുമായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1977ൽ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയതിന് ശേഷം ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി പുറത്താക്കപ്പെട്ട് മറ്റൊരാൾ അധികാരമേൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും കാറ്റലോണിയ രാഷ്ട്രീയ പ്രശ്നവും പുതിയ സർക്കാറിന് തലവേദനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 46കാരനായ സാഞ്ചസ് സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. ഇദ്ദേഹത്തിെൻറ പി.എസ്.ഒ.ഇക്ക് 350 അംഗ പാർലമെൻറിൽ 84 അംഗങ്ങൾ മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.