മുൻ യു.എൻ സെക്രട്ടറി ജനറൽ മരിച്ച വിമാനദുരന്തം ആക്രമണമാകാമെന്ന്
text_fieldsലണ്ടൻ: 1961ൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡ് വിമാനദുരന്തത്തിൽ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ. വിമാനം തകർന്നത് സാേങ്കതികതകരാർ മൂലമല്ലെന്നും മറ്റൊരു വിമാനം നടത്തിയ ആക്രമണത്തിൽ തകർന്നതാകാമെന്നും സംഭവം അന്വേഷിച്ച് തയാറാക്കിയ യു.എൻ റിപ്പോർട്ട് പറയുന്നു. താൻസനിയൻ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഉസ്മാനാണ് ഏറെ വിവാദങ്ങളുയർത്തിയ സംഭവം ഏറ്റവുമൊടുവിൽ അന്വേഷിച്ചത്. ബ്രിട്ടൻ, അമേരിക്ക, ബെൽജിയം, കാനഡ സർക്കാറുകൾ നൽകിയ രഹസ്യവിവരങ്ങൾ കൂടി ചേർത്താണ് 56 വർഷങ്ങൾക്കപ്പുറത്തെ വിമാനദുരന്തത്തെക്കുറിച്ച് വിശദ റിപ്പോർട്ട് അദ്ദേഹം തയാറാക്കിയത്.
ഹാമർഷോൾഡ് സഞ്ചരിച്ച വിമാനം അപകടത്തിൽപെടുന്ന സ്ഥലത്തെ റേഡിയോ സന്ദേശം അന്നത്തെ യു.എസ്, യു.കെ സർക്കാറുകൾ തടസ്സപ്പെടുത്തിയിരുന്നതായും ഇൗ രാജ്യങ്ങളുടെ വശമുള്ള രഹസ്യവിവരങ്ങൾ പരിേശാധിച്ചാൽ ആരാണ് ആക്രമണത്തിനുപിന്നിെലന്ന് വ്യക്തമാകുമെന്നും റിപ്പോർട്ട് പറയുന്നു.
സ്വീഡിഷ് നയതന്ത്രജ്ഞനായിരുന്ന ഹാമർഷോൾഡ് 1953ലാണ് യു.എൻ സെക്രട്ടറി ജനറലാകുന്നത്. 1961ൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട കോംഗോയുടെ ഖടംഗ മേഖലയിൽ സമാധാനസന്ദേശവുമായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. ഡഗ്ലസ് ഡി.സി-ആറ് വിമാനം കിൻഷാസയിൽ നിന്ന് പുറപ്പെട്ട് ഖടംഗയിലെ ഡോളയിൽ ഇറങ്ങാനിരിക്കെയായിരുന്നു അർധരാത്രി ദുരന്തമെത്തിയത്. ഹാമർഷോൾഡിനുപുറമെ വിമാനത്തിലുണ്ടായിരുന്ന 15 പേരും ദുരന്തത്തിനിരയായി. വൈമാനികെൻറ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു ആദ്യ രണ്ട് അന്വേഷണങ്ങളിലും കണ്ടെത്തിയത്. എന്നാൽ, 1962ലെ യു.എൻ കമീഷൻ വ്യക്തമായി ഒന്നും പറഞ്ഞില്ല.
അടുത്തിടെ, സ്വീഡിഷ് സ്വതന്ത്ര ഗവേഷകൻ പുറത്തിറക്കിയ ‘ഹാമർഷോൾഡിനെ ആര് കൊന്നു?’ എന്ന പുസ്തകമാണ് വീണ്ടും അേന്വഷണത്തിലേക്ക് വഴിതുറന്നത്. സർക്കാറുമായി സംഘട്ടനത്തിലായിരുന്ന വിമതരാണോ അതല്ല, ഖനനപ്രവർത്തനം തകൃതിയായിരുന്ന മേഖലയിൽ വാണിജ്യതാൽപര്യമുള്ള വിദേശശക്തികളാണോ പിന്നിലെന്ന് വ്യക്തമല്ലെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. വിമതർക്ക് ചില യൂറോപ്യൻ രാജ്യങ്ങൾ വൻതോതിൽ ആയുധങ്ങളും യുദ്ധ വിമാനങ്ങളും എത്തിച്ചിരുന്നു. ഇത് ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.