പ്ലാസ്റ്റിക് ഭീഷണി ചെറുക്കാൻ ശലഭപ്പുഴു
text_fieldsലണ്ടൻ: ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണി എങ്ങനെ ചെറുക്കാമെന്നത് വലിയ വെല്ലുവിളിയായി നിലനിൽക്കെ, പുതിയ കണ്ടെത്തലുമായി ഗവേഷകർ. പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ചിത്രശലഭപ്പുഴുവിനെ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ തിരിച്ചറിഞ്ഞു. തേനീച്ചക്കൂടിലെ മെഴുക് ഭക്ഷിക്കുന്ന ഇൗ ചിത്രശലഭത്തിെൻറ ലാർവക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ കഴിയുന്നതായി കണ്ടെത്തി.
കൂടുതൽ പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. തേനീച്ചക്കൂടിലെ മെഴുകിനെ ലാർവ ദഹിപ്പിക്കുന്നതുപോലെ അവക്ക് പ്ലാസ്റ്റിക് വസ്തുവിലെ കെമിക്കൽ ബോണ്ടുകളെ പൊട്ടിക്കാനാകുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. പവേലോ ബോംബെല്ലി പറഞ്ഞു. ലോകത്ത് പ്രതിവർഷം എട്ടു കോടി ടൺ പ്ലാസ്റ്റിക് പോളിത്തീനുകൾ നിർമിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ഇവയുടെ സംസ്കരണം ഇന്നും ശാസ്ത്രലോകത്തിന് വെല്ലുവിളിയാണ്.
പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള ഗവേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തലെന്ന് പവേലോ പറയുന്നു. ലാർവയിൽ നടക്കുന്ന എന്തുതരം പ്രവർത്തനമാണ് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
ഇൗ രഹസ്യം അറിയാൻ കഴിഞ്ഞാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയൊരളവിൽ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണ ഫലങ്ങൾ കറൻറ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.