വധശിക്ഷ പാടില്ല; നിലപാടുമാറ്റി വത്തിക്കാൻ
text_fieldsവത്തിക്കാൻ സിറ്റി: വധശിക്ഷ നീതീകരിക്കാനാവാത്തതാണെന്ന് റോമൻ കത്തോലിക്ക സഭ. ജീവനുള്ളതെല്ലാം വിശുദ്ധമാണെന്നും സർക്കാർ നടപ്പാക്കുന്ന കൊലയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്നും നിർണായക പ്രഖ്യാപനത്തിൽ പോപ് ഫ്രാൻസിസ് വ്യക്തമാക്കി. ഏതുതരത്തിൽ നടപ്പാക്കിയാലും അത് ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമാണ്. വധശിക്ഷ വിധിക്കുന്ന ജഡ്ജിമാരുടെ ഭാഗത്ത് തെറ്റുവരാനുള്ള സാധ്യതയുമുണ്ട്. ആഗോളവ്യാപകമായി വധശിക്ഷ എടുത്തുകളയുംവരെ ഇച്ഛാശക്തിയോടെ രംഗത്തിറങ്ങുമെന്നും ബിഷപ്പുമാർക്കയച്ച വിശദീകരണക്കുറിപ്പിൽ വത്തിക്കാൻ വ്യക്തമാക്കി.
വധശിക്ഷ വിഷയത്തിലെ നയംമാറ്റം സഭയുടെ വേദപാഠത്തിെൻറ ഭാഗമാവും. നീതിബോധമില്ലാത്ത അക്രമിയിൽനിന്നും മനുഷ്യജീവൻ സംരക്ഷിക്കാൻ വധശിക്ഷ മാത്രമാണ് പോംവഴിയെങ്കിൽ അതിൽ വിരോധമില്ലെന്നാണ് ഇതുവരെ വേദപാഠത്തിലുണ്ടായിരുന്നത്. പുതിയ നയം പഴയ തീരുമാനത്തിന് വിരുദ്ധമല്ലെന്നും മറിച്ച് അതിെൻറ പുതിയ കാലരൂപമാറ്റമാണെന്നും വത്തിക്കാനിലെ കർദിനാൾ ലദാരിയ വിശദീകരിച്ചു. വധശിക്ഷക്കെതിരെ പോപ് ഫ്രാൻസിസ് തെൻറ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വത്തിക്കാെൻറ ഒൗദ്യോഗിക നിലപാടാവുന്നത് ഇപ്പോഴാണ്.
കുറ്റം എത്രതന്നെ ഹീനമാണെങ്കിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് 2015 മാർച്ചിൽ വധശിക്ഷക്കെതിരായ അന്താരാഷ്ട്ര കമീഷന് എഴുതിയ കത്തിൽ പോപ് പറഞ്ഞിരുന്നു. മുമ്പ് പോപ്പുമാരായ ജോൺ പോൾ രണ്ടാമനും ബെനഡിക്റ്റ് 16ാമനും വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഏറ്റവും കടുത്ത ഭാഷയിൽ ഇതിനെതിരെ രംഗത്തുവന്നത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ആംനസ്റ്റി ഇൻറർനാഷനലിെൻറ കണക്കുപ്രകാരം കഴിഞ്ഞവർഷം മാത്രം 53 രാജ്യങ്ങൾ വധശിക്ഷ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 23 രാജ്യങ്ങൾ 993 പേർക്കെതിരെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ചൈന, ഇറാൻ എന്നീ രാജ്യങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിൽ മുമ്പന്തിയിൽ. യു.എസിൽ കഴിഞ്ഞവർഷം 23 പേർക്കെതിരെ വധശിക്ഷ നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.