ഏകനായി ഫ്രാന്‍സിസ് മാര്‍പാപ്പ; ഇൗ ചിത്രം പറയും ഇറ്റലിയിലെ കൊറോണ ഭീതി
text_fieldsറോം: ശൂന്യമായ സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്ക് നോക്കി അപോസ്തോലിക് ലൈബ്രറിയിൽ നിന്ന് അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഫ്രാൻസിസ് മാർപാപ്പ. കൊറോണ ഇറ്റലിയെ എത്രമാത്രം ബാധിച്ചുവെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് വത്തിക്കാന്‍ മീഡിയ പുറത്തുവിട്ട ഇൗ ചിത്രം.
മാർപാപ്പയെ ഒരുനോക്ക് കാണാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തുന്നത് ഞായറാഴ്ചകളിലെ പതിവ് കാഴ്ചയായിരുന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാൽ ഇന്നലെ വത്തിക്കാൻ ന്യൂസ് ലൈവ് സ്ട്രീം ആയാണ് മാർപാപ്പയുടെ അനുഗ്രഹ പ്രഭാഷണം വിശ്വാസികളിലെത്തിച്ചത്.
‘മഹാമാരിയുടെ ഇൗ സാഹചര്യത്തിൽ, നമ്മൾ സ്വയം ഒറ്റപ്പെട്ട് കഴിയുന്ന കാലത്ത്, പങ്കുവെക്കലിെൻറയും ഒരുമയുടെയും മൂല്യങ്ങൾ ആഴത്തിൽ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു’- മാർപാപ്പ പറഞ്ഞു. വയോധികരെയും നിർധനരെയും ഭവനരഹിതരെയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വളണ്ടിയർമാരെയും അദ്ദേഹം പ്രത്യേകം പ്രകീർത്തിച്ചു.
അതിനുശേഷം ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാൽനടയായി രണ്ട് ദേവാലയങ്ങളിലേക്ക് പോകുന്ന മാർപാപ്പയുടെ ചിത്രവും വത്തിക്കാൻ മീഡിയ പുറത്തുവിട്ടു. കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ ഇറ്റലി എത്രമാത്രം സ്തംഭിച്ചെന്ന് വിളിച്ചുപറയുന്നു ഇൗ ചിത്രം. കൊറോണയിൽ നിന്നുള്ള രക്ഷക്കായി പ്രാര്‍ഥിക്കുന്നതിനാണ് റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങളായ സാന്ത മരിയ ബസലിക്ക, സെൻറ് മാർസെലോ പള്ളി എന്നിവിടങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പ പോയത്.
സാന്ത മരിയ ബസലിക്കയിലേക്ക് കാറിലാണ് പോയത്. അവിടെ നിന്ന് അംഗരക്ഷകർക്കൊപ്പം സെൻറ് മാർസെലോ പള്ളിയിലേക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഏകനായി മാർപാപ്പ നടന്ന് പോകുന്ന ചിത്രമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഇറ്റലിയില്‍ കോവിഡ് 19 രോഗബാധ ഉയര്‍ത്തിയ ഭീതിയും ശൂന്യതയും ഇൗ ചിത്രം പ്രതിഫലിപ്പിക്കുന്നു.
1522ല്‍ റോമില്‍ പ്ലേഗ് പടർന്നപ്പോള്‍ മാര്‍സെലോ പള്ളിയില്‍ സ്ഥാപിച്ച ക്രൂശിത രൂപത്തിന് മുന്നില്‍നിന്ന് പ്രാര്‍ഥിക്കാനാണ് മാര്‍പാപ്പ പോയത്. മഹാമാരിക്ക് അവസാനമുണ്ടാകുന്നതിനും രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായും മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തിയതായി പിന്നീട് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
കൊറോണ ഭീഷണി കണക്കിലെടുത്ത് ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ വിശ്വാസികളില്ലാതെ നടത്താൻ വത്തിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തവണ വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങള്‍ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടക്കും. ഏപ്രില്‍ 12 വരെ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനകളും ചടങ്ങുകളും വത്തിക്കാെൻറ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റിലൂടെ ലൈവ് സ്ട്രീം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.