കാട്ടുതീ: പോർച്ചുഗലിൽ മരണം 62 ആയി
text_fieldsലിസ്ബൺ: മധ്യ പോർച്ചുഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിലുണ്ടായ കാട്ടുതീയിൽ 62 പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.30നാണ് സംഭവം. 59 പേർക്ക് പരിക്കേറ്റതായും പോർച്ചുഗൽ പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റ അറിയിച്ചു. അടുത്തിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരും മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്. 30 ഒാളം പേരെ വാഹനങ്ങൾക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കാട്ടുതീയിൽ നിരവധി വീടുകളും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1700 അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ചില ജീവനക്കാർക്കും ഗുരുതരമായി പൊള്ളലേറ്റു.
ഫിഗ്വീറോ ഡോ വിൻഹോസിനെയും കാസ്റ്റൻഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ ഉണ്ടായത്. മൂന്ന് പേർ പുക ശ്വസിച്ചും 22 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ് മരിച്ചതെന്ന് സ്റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോർജ് ഗോമസ് പറഞ്ഞു. മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പോർച്ചുഗലിന് സഹായവാഗ്ദാനവുമായി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്യും യൂറോപ്യൻ കമീഷൻ ജീൻ ക്ലോദ് ജങ്കറും മുന്നോട്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.