യു.എസ് പിന്മാറിയാൽ നിരോധിത മിസൈലുകൾ നിർമിക്കുമെന്ന് പുടിൻ
text_fieldsമോസ്കോ: ശീതയുദ്ധകാലത്ത് നിലവിൽവന്ന സുപ്രധാന ആയുധനിയന്ത്രണ കരാറിൽനിന്ന് യു.എസ് പിന്മാറിയാൽ നിരോധിത മിസൈലുകൾ നിർമിക്കുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ.
1987ൽ നിലവിൽവന്ന കരാർ റഷ്യ ലംഘിക്കുന്നതായ യു.എസ് ആരോപണം ഉടമ്പടിയിൽനിന്ന് പിന്മാറുന്നതിനുള്ള തന്ത്രമാണെന്നും പുടിൻ ടെലിവിഷൻ പ്രഭാഷണത്തിൽ ആരോപിച്ചു. മധ്യദൂര ആണവ മിസൈലുകൾ നിർമിക്കുന്നത് സംബന്ധിച്ച കരാർ റഷ്യ ലംഘിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ചൊവ്വാഴ്ച നടന്ന നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, അമേരിക്കയുടെ വാദത്തിന് ഒരു തെളിവുമില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആവർത്തിച്ച് പറയുകയാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സകറോവ മറുപടി നൽകി. ഇതിെൻറ തുടർച്ചയായാണ് പുടിൻ ഭീഷണി സ്വരത്തിൽ രംഗത്തെത്തിയത്. രണ്ടുമാസത്തിനകം റഷ്യ ആണവ മിസൈലുകൾ പിൻവലിച്ചില്ലെങ്കിൽ കരാറിൽനിന്ന് പിന്മാറുമെന്നും പോംപിയോ നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരേത്ത യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കരാറിൽനിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, ഇറാൻ ആണവ കരാറിൽനിന്ന് പിന്മാറിയതിനേക്കാൾ ഗുരുതര സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.