നയതന്ത്ര യുദ്ധം; യു.എസിന് പിന്നാലെ റഷ്യ യൂറോപ്പിനെതിരെയും
text_fieldsമോസ്കോ: 60 യു.എസ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു തൊട്ടടുത്തദിവസം, യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾക്കെതിരെ നടപടിയുമായി റഷ്യ. വെള്ളിയാഴ്ച നെതർലൻഡ്സ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെ, നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാൻ ബ്രിട്ടന് ഒരുമാസത്തെ സമയപരിധിയും നിശ്ചയിച്ചു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച രാവിലെ റഷ്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. പാശ്ചാത്യരാജ്യങ്ങളുമായി നയതന്ത്ര യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വക്താവ് ചൂണ്ടിക്കാട്ടി. മുൻ റഷ്യൻ ഏജൻറ് സെർജ് സ്ക്രിപലിനും മകൾ യൂലിയക്കും ബ്രിട്ടനിൽ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി ഇടഞ്ഞത്. സംഭവത്തിനു പിന്നിൽ റഷ്യയാണെന്നായിരുന്നു അമേരിക്കയുടെയും, ഇ.യു രാജ്യങ്ങളുടെയും ആരോപണം.
ഇത് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി അമേരിക്കയും ഇ.യു രാജ്യങ്ങളും മുന്നോട്ടുപോയി. തുടർന്ന് രാജ്യം വിടണമെന്നു കാണിച്ച് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് യു.എസ്, ഇ.യു, നാറ്റോ രാജ്യങ്ങൾ നോട്ടീസ് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 60 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതായി അറിയിച്ച റഷ്യ തൊട്ടുപിന്നാലെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ നടപടി തുടങ്ങുകയായിരുന്നു.
ശീതയുദ്ധകാലത്തേക്ക് -ഗുെട്ടറസ്
ന്യൂയോർക്: റഷ്യ-യു.എസ് ബന്ധം വഷളാവുന്നതിൽ ആശങ്കയറിയിച്ച് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. പുതിയ സംഭവങ്ങൾ അങ്ങേയറ്റം ആശങ്കജനകമാണെന്ന് പറഞ്ഞ അദ്ദേഹം, ലോകം ശീതയുദ്ധകാലത്തേക്കാണ് നീങ്ങുന്നതെന്നും മുന്നറിയിപ്പ് നൽകി. ശീതയുദ്ധകാലത്ത് രണ്ടുവലിയ ശക്തികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ഒരു സംഘർഷമുണ്ടായാൽ അത് വ്യാപിക്കാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.