ചാരനെ കൊല്ലാൻ ശ്രമിച്ചത് യു.എസ്–ബ്രിട്ടീഷ് ഏജൻസികൾ: റഷ്യ
text_fieldsമോസ്കോ: മുൻ റഷ്യൻ ചാരനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാൻ ശ്രമിച്ചത് ബ്രിട്ടീഷ്, യു.എസ് രഹസ്യാന്വേഷണ ഏജൻസികളാണെന്ന് റഷ്യ. റഷ്യയെ കുഴപ്പത്തിലാക്കാനുള്ള നീക്കമാണ് നടന്നതെന്നും റഷ്യൻ മുൻ ലഫ്. ജനറൽ സെർജി നാരിഷ്കിൻ ആരോപിച്ചു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തർക്കം ഒഴിവാക്കിയില്ലെങ്കിൽ ശീത യുദ്ധത്തിെൻറ പടിവാതിൽക്കലാണ് ലോകമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ശീതയുദ്ധകാലത്തെക്കാൾ ഗുരുതരമാണു നിലവിലെ സ്ഥിതിവിശേഷമെന്നും 41 വർഷം റഷ്യൻ സേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ബി.ബി.സി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ബ്രെക്സിറ്റ് ചർച്ചകളിൽനിന്നു ശ്രദ്ധതിരിക്കാൻ ബ്രിട്ടീഷ് ഇൻറലിജൻസ് ഏജൻസികൾ തന്നെയാണ് സ്ക്രിപാലിനു നേരെ വിഷപ്രയോഗം നടത്തിയതെന്നാണു റഷ്യയുടെ പക്ഷം. സ്ക്രിപാലിനെതിരെ പരാതിയുണ്ടായിരുന്നെങ്കിൽ 2010ൽ തടവുപുള്ളികളെ െവച്ചുമാറിയപ്പോൾ വിട്ടുകൊടുക്കില്ലായിരുന്നുവെന്നും റഷ്യ വ്യക്തമാക്കി. എഫ്.ബി.ഐ അറസ്റ്റ്ചെയ്ത റഷ്യയുടെ ചാരസുന്ദരി അന്ന ചാപ്മാനു പകരമായാണ് അന്ന് സ്ക്രിപാലിനെ വിട്ടുകൊടുത്തത്. വിയന വിമാനത്താവളത്തിലായിരുന്നു കൈമാറ്റം. സ്ക്രിപാലിനു പിന്നീട് ബ്രിട്ടൻ അഭയം നൽകി.
മാർച്ച് ആദ്യവാരമാണ് മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ, ആക്രമണം നടത്തിയിട്ടില്ലെന്ന വാദത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.