ഇറ്റലി മടക്കിയ അഭയാർഥികളെ സ്പെയിൻ സ്വീകരിച്ചു
text_fieldsമഡ്രിഡ്: ഇറ്റലിയും മാൾട്ടയും അവഗണിച്ച 630 കുടിയേറ്റക്കാരും അഭയാർഥികളുമടങ്ങിയ സംഘം ഏഴുദിവസങ്ങൾക്ക് ശേഷം കടലിൽനിന്ന് സ്പാനിഷ് തുറമുഖ നഗരമായ വലൻസിയൻ തീരമണഞ്ഞു. ഇറ്റാലിയൻ കോസ്റ്റ്ഗാർഡിെൻറ കപ്പലായ ഡാറ്റിലോയിലാണ് 274 പേരടങ്ങിയ ആദ്യ സംഘം പുലർച്ചെ 6.20ന് വലൻസിയയിലെത്തിയത്. രണ്ടാമത്തെ കപ്പലായ അക്വാറിയസ് 106 പേരുമായും മൂന്നാമത്തെ കപ്പലായ ഒറിയോൺ 250 ആളുകളുമായും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ തുറമുഖത്തെത്തി.
അഭയാർഥികളെ നിരാകരിച്ച ഇറ്റാലിയൻ സർക്കാറിെൻറ നടപടിയെ ഹൃദയശൂന്യതയും നിരുത്തരവാദപരവുമെന്നാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്. അവരെ സ്വീകരിക്കാമെന്ന നിലപാടെടുത്ത പുതിയ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിെൻറ മനുഷ്യത്വമാണ് അവർക്ക് തുണയായത്.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മാത്രം ഉപയോഗിക്കുന്ന കപ്പലിലായതിനാലും കടലിലെ കാലാവസ്ഥ പ്രശ്നങ്ങളെ തുടർന്നും അഭയാർഥികളിൽ അധികവും അവശനിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരിൽ ഗർഭിണികളും കുട്ടികളുമുണ്ട്. സന്നദ്ധസംഘടനകൾ സേവനങ്ങൾക്കായി തുറമുഖത്തെത്തി.
യൂറോപ്യൻ യൂനിയെൻറ കുടിയേറ്റ നയങ്ങൾക്ക് വിഘാതമായുള്ള ഇത്തരം നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പുതുതായി അധികാരമേറ്റ സ്പാനിഷ് സർക്കാറിെൻറ
തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.