60 അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യ
text_fieldsമോസ്കോ: നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് റഷ്യ. തങ്ങളുടെ 60 നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. സെൻറ് പീറ്റേഴ്സ്ബർഗിലുള്ള അമേരിക്കൻ കോൺസുലേറ്റും പൂട്ടാനും റഷ്യ നിർദേശം നൽകിയിട്ടുണ്ട്. സിയാറ്റിലിലുള്ള റഷ്യൻ കോൺസുലേറ്റ് അടക്കാൻ നേരത്തെ അമേരിക്ക ഉത്തരവിട്ടിരുന്നു.
മുൻ റഷ്യൻ ഏജൻറ് സെർജി സ്ക്രിപലിനും മകൾ യൂലിയക്കും ബ്രിട്ടനിൽ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇടഞ്ഞത്. ഇതിനു പിന്നിൽ റഷ്യയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. മാർച്ച് നാലിനാണ് സാലിസ്ബറിയിലെ പാർക്കിൽ സ്ക്രിപലിനെയും മകളെയും ബോധമറ്റ നിലയിൽ കണ്ടെത്തിയത്. ഇവർക്കുനേരെ പ്രയോഗിച്ചത് നോവിചോക്ക് എന്ന വിഷവസ്തുവാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ദിവസങ്ങൾ കഴിഞ്ഞ് വ്യക്തമാക്കിയിരുന്നു.
ആരോപണം പാശ്ചാത്യ കുപ്രചാരണമാണെന്ന് പറഞ്ഞ് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി ബ്രിട്ടനും യു.എസും മറ്റു 20ലേറെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.