റോഹിങ്ക്യൻ മുസ്ലിം വംശഹത്യ കേസ് തള്ളണമെന്ന് സൂചി
text_fieldsഹേഗ്: റോഹിങ്ക്യൻ മുസ്ലിംകളെ സൈന്യം വംശഹത്യ നടത്തിയ സംഭവത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ.) മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയുടെ വിചാരണ തുടരുന്നു. കേസ് ഉപേക്ഷിക്കണമെന്ന് സൂചി കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ ഏതൊരു നടപടിയും രാജ്യത്തെ ന്യൂനപക്ഷങ്ങൾ തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
മ്യാൻമറിനെതിരെ ആഫ്രിക്കൻ രാജ്യമായ ഗാമ്പിയ സമർപ്പിച്ച ഹരജിയിലാണ് സൂചിക്ക് ഹാജരാകേണ്ടി വന്നത്. കേസിലെ മ്യാൻമറിന്‍റെ വാദങ്ങളെ കടുത്ത ഭാഷയിലാണ് ഗാമ്പിയക്കു വേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തത്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ ഇനിയും അക്രമം അനുഭവിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉയർന്ന കോടതിയോട് ഗാമ്പിയൻ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഇത് എതിർത്ത് സൂചി രംഗത്തെത്തിയെന്ന് മ്യാൻമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹേഗിലെ മൂന്ന് ദിവസത്തെ വിചാരണയിൽ മ്യാൻമറിന്‍റെ ഉപസംഹാരത്തിൽ, രാജ്യത്തെ നിലവിലെ സൈനിക നീതിന്യായ വ്യവസ്ഥയെ നിർവീര്യമാക്കി പുറത്തുനിന്നുള്ള സംവിധാനം നടപ്പാക്കുന്നത് ‘പ്രവർത്തനക്ഷമമായ ശരീര ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് പോലെ’യാണെന്ന് സൂചി പറഞ്ഞു. മ്യാൻമർ സർക്കാർ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍റെ അന്തിമ റിപ്പോർട്ട് പൂർത്തിയായാൽ എല്ലാവർക്കും നീതി ലഭ്യമാക്കും. കേസ് ഉപേക്ഷിച്ച് വൈവിധ്യത്തിൽനിന്ന് ഐക്യം സൃഷ്ടിക്കാനുള്ള മ്യാൻമറിന്‍റെ ശ്രമങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടത് -സൂചി പറഞ്ഞു.
സീനിയർ ജനറൽ മിൻ ആംഗ് ഹേലിങ് ഉൾപ്പെടെ നാല് ഉന്നത മ്യാൻമർ സൈനിക ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ട്രഷറി വകുപ്പ് ചൊവ്വാഴ്ച ഏർപ്പെടുത്തിയ ഉപരോധവും ഗാംബിയയുടെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടിയും സ്വീകരിക്കും എന്ന് പറഞ്ഞ സൂചിയെ, മ്യാൻമറിന്‍റെ നീതിന്യായ വ്യവസ്ഥ സൈനിക നിയന്ത്രണത്തിലായതിനാൽ വിശ്വസിക്കാൻ കഴിയില്ല എന്ന് വാദിച്ചാണ് അഭിഭാഷകർ എതിർത്തത്.
2017 ഒക്ടോബറിൽ മ്യാന്മറിലെ രാഖൈനിലെ സൈനിക അടിച്ചമർത്തലിൽ നൂറുകണക്കിന് റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. നിരവധി റോഹിങ്ക്യൻ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്യുകയും ചെയ്തു. എട്ടു ലക്ഷത്തോളം ആളുകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.