സിറിയ: കുർദ് വിമതർക്കെതിരെ തുർക്കി ആക്രമണം ശക്തമാക്കി
text_fieldsഅങ്കാറ: വടക്കൻ സിറിയയിലെ ആഫ്രീൻ മേഖലയിൽ കുർദ് വിമതർക്കെതിരെ തുടങ്ങിയ ആക്രമണം തുർക്കി ശക്തമാക്കി. 72 യുദ്ധവിമാനങ്ങൾ ചേർന്ന് 108 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി തുർക്കിസേന അറിയിച്ചു. സിറിയയിലെ തുർക്കി അനുകൂല സംഘമായ ഫ്രീ സിറിയൻ ആർമിയും കുർദുകൾക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. മേഖലയിൽ കരസേനയും ആക്രമണം നടത്തിയേക്കുമെന്ന് തുർക്കി പ്രധാനമന്ത്രി ബിൻഅലി യിൽദിരിം അറിയിച്ചു.
മേഖലയിൽനിന്നു പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റ്സിനെ (വൈ.പി.ജി) തുരത്തുകയാണ് തുർക്കിയുടെ ലക്ഷ്യം. അതേസമയം, തുർക്കിയുടേത് അതിർത്തി കടന്നുള്ള അധിനിവേശമാണെന്ന് സിറിയൻ പ്രസിഡൻറ് ബശാറുൽ അസദ് ആരോപിച്ചു.
തുർക്കി സംയമനം പാലിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തുർക്കി ആക്രമണം തുടങ്ങിയതിന് പിന്നാലെ മേഖലയിൽനിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് അഫ്രീനിൽ ആക്രമണം തുടങ്ങിയത്. കൊല്ലപ്പെട്ടവരെല്ലാം ഭീകരരാണെന്ന് തുർക്കി അവകാശപ്പെടുന്നു. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കം നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് വൈ.പി.ജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.