കോവിഡ് മരണം 16,000 കടന്നു
text_fieldsപാരീസ്: പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിലും ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കോവിഡ്-19നെ പേടിച്ച് വീടുകളിൽ കഴിയുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡ്രോണുകളും ഹെലികോപ്ടറുകളും രംഗത്തിറക്കിയിട്ടുണ്ട്.
പ്രതിരോധത്തിെൻറ ഭാഗമായി 35 രാജ്യങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ മറ്റുള്ളവ ജനങ്ങൾക്ക് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശം നൽകി. ഫ്രാൻസ്, ഇറ്റലി, അർജൻറീന, യു.എസിലെ കാലിഫോർണിയ, ഇറാഖ്, റുവാണ്ട എന്നിവയാണ് പൂർണമായി അടച്ചിട്ടിരിക്കുന്നത്. കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിെൻറ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ അനുമതി നൽകി. ബ്രിട്ടനിൽ പാർക്കുകളിലും ബീച്ചുകളിലും ആളുകൾ സംഘംചേരുന്നതും രാത്രി യാത്രയും കർശനമായി വിലക്കി.
ബുർകിനഫാസോ, ചിലി, ഫിലിപ്പീൻസ്, സെർബിയ, മോറിത്താനിയ എന്നീ രാജ്യങ്ങളും സമാന പ്രതിരോധ നടപടികളാണ് പിന്തുടരുന്നത്. സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ യൂറോപ്പുതന്നെ. 15 ലക്ഷം പേരാണ് യൂറോപ്പിൽ വൈറസിെൻറ പിടിയിലായത്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ വൈറസ്ബാധിതരുള്ളത്. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ മൂന്നുവരെ നീട്ടി. ബ്രിട്ടെൻറ അവസ്ഥ മോശമാണെന്നും ഈ സ്ഥിതിയിൽ പോയാൽ ഇറ്റലിയെപോലെ ആയിത്തീരുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പു നൽകി. ബ്രിട്ടനുമായുള്ള അതിർത്തി അടക്കാൻ ഫ്രാൻസ് തീരുമാനിച്ചു. സ്പെയിനിൽ അടിയന്തരാവസ്ഥ 15ദിവസം കൂടി നീട്ടി.അതിനിടെ, ജോർഡനിൽ വൈറസ് ബാധിതരെ ചികിത്സിക്കാൻ മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മറ്റു മരുന്നുകൾക്കൊപ്പം ഉപയോഗിക്കാൻ അധികൃതർ നിർദേശം നൽകി. ഹോേങ്കാങ്ങിൽ തദ്ദേശീയവരല്ലാത്തവർക്ക് പ്രവേശനവിലക്കും ഏർപ്പെടുത്തി.
തെരുവിൽ കഴിയുന്നവർക്ക് ഹോട്ടൽ മുറി
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്ന ഭവനരഹിതർക്കായി 300 ഹോട്ടൽ മുറികൾ ബുക്ക് ചെയ്ത് ലണ്ടൻ മേയർ സാദിഖ് ഖാൻ. ബ്രിട്ടീഷ് സർക്കാർ സാമ്പത്തിക പിന്തുണയോടെയാണ് മേയറുടെ നടപടി. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ് നടപടികൾ സ്വീകരിച്ചത്. അടുത്ത 12 ആഴ്ചത്തേക്കാണ് ലണ്ടനിലെ രണ്ടു ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തത്.
ചൈനയിൽ 89 ശതമാനം വൈറസ്ബാധിതരും രോഗവിമുക്തർ
കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽവൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനം പേരും രോഗമുക്തരായി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷെന ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞായറാഴ്ച അർധരാത്രിവരെ 81,093 പേർക്കാണ് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ 72,703 പേർ രോഗവിമുക്തരായി. 3270 പേർ മരിച്ചു. നിലവിൽ 5120 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1749 പേരുടെ നില ഗുരുതരമാണ്.
പാകിസ്താനിൽ ഡോക്ടർ മരിച്ചു
കോവിഡ് ബാധിതരെ ചികിത്സിച്ച ഡോക്ടർ ഉസ്മ റെയ്സ്(26)മരണത്തിനു കീഴടങ്ങി. പാക് അധീന കശ്മീരിലെ ജിൽജിത് മേഖല യിലെ ആശുപത്രിയിലാണ് അടുത്തിടെ ഇറാഖ്, ഇറാൻ രാജ്യങ്ങളിൽ നിന്നെത്തിയ വൈറസ്ബാധിതരെ ഇദ്ദേഹം ചികിത്സിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഡോക്ടർ മരിക്കുന്നത്. ഇതോടെ പാകിസ്താനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 800 പേർക്ക് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്.
അംഗലാ മെർകൽ നിരീക്ഷണത്തിൽ
പ്രതിരോധ കുത്തിവെപ്പു നൽകിയ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ജർമൻ ചാൻസലർ അംഗലാ മെർകൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മെർകലിെൻറ ഒൗദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് മെർകൽ കുത്തിവെപ്പെടുത്തത്.
ബെക്കിങ്ഹാം കൊട്ടാര ജീവനക്കാരന് കോവിഡ്
ബെക്കിങ്ഹാം കൊട്ടാരത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരെ ഐസൊലേഷനിലേക്ക് മാറ്റി. എലിസബത്ത് വിൻഡ്സർ കൊട്ടാരത്തിലേക്ക് മാറുന്നതിന് മുമ്പ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. വിൻഡ്സർ കൊട്ടാരത്തിൽ കഴിയുന്ന രാജ്ഞി പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. കൊട്ടാരത്തിലേക്ക് സന്ദർശകരെയും അനുവദിക്കില്ല. കഴിഞ്ഞാഴ്ചയാണ് കോവിഡ് ഭീതിയെ തുടർന്ന് 93കാരിയായ രാജ്ഞിയെ ബെക്കിങ്ഹാമിൽ നിന്ന് വിൻഡ്സർ പാലസിലേക്ക് മാറ്റിയത്. 500 ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്.
നേപ്പാൾ അതിർത്തി അടച്ചു
കോവിഡ് ഭീതിയിൽ നേപ്പാൾ ഈ മാസം 29 വരെ ഇന്ത്യ, ചൈന രാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു. അതേസമയം, ഈ രാജ്യങ്ങളിൽനിന്നുള്ള ചരക്കുഗതാഗതം പതിവുപോലെ നടക്കും. ആളുകൾക്ക് പ്രവേശനമുണ്ടാകില്ല.
ഇൻറർഫെറോൺ ആൽഫ 2ബി രക്ഷയാവുമോ
മഹാമാരിയായ കോവിഡ്- 19 നെ പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ക്യൂബയില്‍നിന്നുള്ള ആൻറി വൈറല്‍ മരുന്നായ ഇൻറര്‍ഫെറോണ്‍ ആല്‍ഫ 2ബിയെ ആണ്. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമീഷന്‍ കോവിഡ് ചികിത്സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസിെൻറ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇൻറര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിച്ചത്.
*ബ്രിട്ടൻ കൂടുതൽ കടുത്ത നടപടികളിലേക്ക്
*ഫ്രാൻസിൽ രണ്ടുമാസത്തേക്ക് ആരോഗ്യ അടിയന്തരാവസ്ഥ
*സിറിയയിൽ ആദ്യ കേസ്
*ഫിലിപ്പീൻസിൽ നൂറുകണക്കിന് ആരോഗ്യജീവനക്കാർ ഐസൊലേഷനിൽ
*ചൈനയിലെ വൂഹാനിൽ ജനങ്ങൾക്ക് താമസസ്ഥലത്തേക്ക് മടങ്ങാൻ അനുമതി
*ഒളിമ്പിക്സിന് ടീമിനെ അയക്കില്ലെന്ന് കാനഡയും ആസ്ട്രേലിയയും
*ദക്ഷിണകൊറിയയിൽ വൈറസ് ബാധ കുറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.