സിറിയയിൽ കുർദ് സേന: യു.എസ് പിൻവാങ്ങിയില്ലെങ്കിൽ നടപടിയെന്ന് തുർക്കി
text_fieldsഇസ്തംബൂൾ: അതിർത്തി കാക്കാനെന്ന പേരിൽ യു.എസ് പിന്തുണയോടെ സിറിയയിലെ കുർദ് കേന്ദ്രങ്ങളിൽ പ്രത്യേക സേന രൂപവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് തുർക്കി.
നീക്കത്തിൽനിന്ന് യു.എസ് പിൻവാങ്ങിയില്ലെങ്കിൽ കുർദ് നിയന്ത്രിത മേഖലയായ അഫ്രിനിലും അയൽ ജില്ലകളിലും ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. കുർദ് വൈ.പി.ജി മിലീഷ്യകൾക്ക് നിയന്ത്രണമുള്ള സിറിയൻ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്)ക്കു കീഴിൽ 30,000 അംഗ സൈനിക വിഭാഗത്തെ റിക്രൂട്ട് ചെയ്യുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
തീവ്രവാദ മുദ്ര ചുമത്തി തുർക്കിയിൽ നടപടി നേരിടുന്ന പി.കെ.കെ എന്ന കുർദ് സംഘടനയുടെ സിറിയൻ പതിപ്പായാണ് വൈ.പി.ജി മിലീഷ്യകളെ ഉർദുഗാൻ സർക്കാർ കാണുന്നത്.
ഇവർക്കു കീഴിൽ സൈന്യം രൂപവത്കരിക്കുന്നത് മേഖലയെ കലുഷമാക്കാൻ ബോധപൂർവമുള്ള ശ്രമമാണെന്ന് തുർക്കി വിലയിരുത്തുന്നു. രാജ്യത്തിെൻറ ആഭ്യന്തര സുരക്ഷെയ ബാധിക്കുന്നതാണ് യു.എസ് നീക്കമെന്നും അംഗീകരിക്കാനാവില്ലെന്നും ഉപപ്രധാനമന്ത്രി ബാകിർ ബുസ്ദാഗ് പറഞ്ഞു. രാജ്യം ക്ഷമയുടെ അങ്ങേയറ്റം വരെ പാലിച്ചിട്ടുണ്ടെന്നും ഇനിയും തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തുർക്കി അതിർത്തിയിൽ വിന്യസിക്കാനാണ് സൈന്യത്തെ റിക്രൂട്ട്ചെയ്യുന്നതെന്ന വാർത്ത ശരിയല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. െഎ.എസ് സ്വാധീനം തിരിച്ചുവരുന്നത് തടയാനും നാടുവിട്ടുപോകേണ്ടിവന്നവർക്ക് സുരക്ഷിതമായി തിരിച്ചുവരാനും അവസരമൊരുക്കുകയാണ് പുതിയ സൈനികവിഭാഗത്തിെൻറ ലക്ഷ്യമെന്ന് അദ്ദേഹം തിരുത്തി.
അമേരിക്കയുടെ പ്രഖ്യാപനത്തിനു പിറകെ സിറിയൻ അതിർത്തി പ്രദേശങ്ങളിൽ തുർക്കി സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
പുതിയ സൈന്യത്തിൽ പങ്കുചേരുന്നവരെ രാജ്യദ്രോഹികളായി കണ്ട് കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സിറിയൻ സർക്കാറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.