ഇസ്രായേലിനെതിരെ ഫലസ്തീനൊപ്പം നിൽക്കുക –മുസ്ലിം രാഷ്ട്രങ്ങളോട് തുർക്കി
text_fieldsഇസ്തംബുൾ: ഇസ്രായേലിെൻറ ആക്രമണങ്ങൾക്കെതിരെ ഫലസ്തീൻ ജനതയോടൊപ്പം നിലയുറപ്പിക്കാൻ തുർക്കി മുസ്ലിം രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഇസ്രായേലിലെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയ അമേരിക്കൻ നീക്കത്തിന് തുടർച്ചയുണ്ടാവാതിരിക്കാൻ മുസ്ലിം രാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്ന് തുർക്കി ആവശ്യപ്പെട്ടു.
ഫലസ്തീൻ സ്ഥിതിവിശേഷം ചർച്ചചെയ്യാൻ ചേർന്ന ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷെൻറ (ഒ.െഎ.സി) അടിയന്തര യോഗത്തിലാണ് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു ഇൗ ആവശ്യങ്ങളുന്നയിച്ചത്. സ്വന്തം ജന്മദേശം തിരിച്ചുപിടിക്കുന്നതിനായി ചെറുത്തുനിൽപ് നടത്തുന്ന ഫലസ്തീനികൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രാേയൽ സൈന്യത്തെയും ഭരണകൂടത്തെയും അന്താരാഷ്ട്ര കോടതിയുടെ മുന്നിലെത്തിച്ച് വിചാരണ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങളും െഎക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടും എംബസി ജറൂസലമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടി പ്രകോപനപരമാണെന്നും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം മാനവികതക്കെതിരായ കുറ്റമായി കണക്കാക്കണമെന്നും ഒ.െഎ.സി സെക്രട്ടറി ജനറൽ യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പറഞ്ഞു.
അമേരിക്കയുടെ എംബസി മാറ്റത്തിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രാേയൽ സൈന്യം നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞടക്കം 60 പേർ കൊല്ലപ്പെടുകയും 2700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് തുർക്കി മുൻകൈയെടുത്താണ് അടിയന്തര യോഗം വിളിച്ചുചേർത്തത്.
ഇസ്രായേൽ ആക്രമണം അതിരുകടന്നത്-യു.എൻ
യുനൈറ്റഡ് നേഷൻസ്: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണം അതിരുകടന്നതെന്ന് െഎക്യരാഷ്ട്രസഭ. ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഗസ്സയിലെ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും െഎക്യരാഷ്ട്രസഭ മനുഷ്യവകാശ വിഭാഗം അധ്യക്ഷൻ സൈദ് റാഅദ് അൽ ഹുസൈൻ പറഞ്ഞു. ജനീവയിൽ മനുഷ്യവകാശ വിഭാഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഗസ്സയിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം ജനങ്ങളെ ഉപയോഗിച്ച് തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് ആളുകൾ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ പ്രതിനിധി യോഗത്തിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് െഎക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം അധ്യക്ഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.