വീണ്ടും രാസായുധ പ്രയോഗം; ബ്രിട്ടൻ ഭീതിയിൽ
text_fieldsലണ്ടൻ: ബ്രിട്ടനിൽ വീണ്ടും രാസായുധ പ്രയോഗം. തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽഷെയ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ദമ്പതികൾക്കു മാരക വിഷബാധയേറ്റതായി ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചു. ചാർലി റോവ്ലി (45), ഡോൺ സ്റ്റർജസ് (44) എന്നിവരെയാണ് ശനിയാഴ്ച ആംസ്ബുറിയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾ അബോധാവസ്ഥയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് ആഭ്യന്തരമന്ത്രി സാജിദ് ജാവീദിെൻറ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചുചേർത്തു. ബ്രിട്ടീഷ് ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം തുടങ്ങി.
അതേ സ്ഥലം
മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലും മകൾ യൂലിയയും രാസായുധാക്രമണത്തിനിരയായ സോൾസ്ബറിയിൽനിന്ന് 16 കിലോമീറ്റർ മാത്രം അകലെയാണ് ആംസ്ബുറി. സ്ക്രിപാലിനുനേരെ ഉപയോഗിച്ച നെർവ് ഏജൻറായ നൊവിചോക് തന്നെയാണ് ദമ്പതികൾക്കുനേരെ പ്രയോഗിച്ചിട്ടുള്ളത്. മിലിട്ടറി റിസർച് സെൻററിൽ നടത്തിയ പരിശോധനയിൽ നൊവിചോക്കിെൻറ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. ഇരുവർക്കും എങ്ങനെ രാസായുധാക്രമണമേറ്റു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നെർവ് ഏജൻറിെൻറ സാന്നിധ്യം മേഖലയിൽ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. തദ്ദേശ പൊലീസിനെ കൂടാതെ 100 ഭീകരവിരുദ്ധ സേനാംഗങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ദമ്പതികൾ കാലപ്പഴക്കം ചെന്ന കൊക്കെയ്നോ ഹെറോയിനോ അമിതമായി ഉപയോഗിച്ചതാകാം അബോധാവസ്ഥയിലാകാൻ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഇരുവർക്കുമൊപ്പമുണ്ടായിരുന്ന ബന്ധു സാഹചര്യം വിശദീകരിച്ചതോടെ പൊലീസ് കൂടുതൽ പരിശോധനക്കു തയാറാവുകയായിരുന്നു. തെൻറ കൺമുന്നിലാണ് ഡോൺ കുഴഞ്ഞുവീണതെന്നും ഉടൻ അപസ്മാരം ബാധിച്ചപോലെ പിടയാൻ തുടങ്ങിയെന്നും വായിൽനിന്ന് നുരയും പതയും ഒലിച്ചെന്നും ബന്ധു വിവരിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ ചാർലിയും കുഴഞ്ഞുവീണു.
സുരക്ഷ വർധിപ്പിച്ചു
സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് പൊലീസിെൻറ നേതൃത്വത്തിൽ ആംസ്ബുറിയിലെ അഞ്ചിടത്ത് ജനത്തിനു വിലക്കേർപ്പെടുത്തി. വഴിയിൽ കിടക്കുന്നതോ വീടിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു കണ്ടാലും തൊടരുതെന്ന് തദ്ദേശവാസികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിലാണു സ്ക്രിപാലിനും മകൾക്കും നേരെ രാസായുധ ആക്രമണം ഉണ്ടായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായാണ് യു.എൻ നിരോധിച്ച രാസായുധം പ്രയോഗിക്കുന്നത്. നീണ്ട ചികിത്സക്കുശേഷവും സ്ക്രിപാൽ അപകടനില തരണംചെയ്തിട്ടില്ല. മകൾ ആശുപത്രി വിട്ടിരുന്നു. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ഇരുരാജ്യങ്ങളും പ്രതികാരം തീർത്തത്. തുടർന്ന് റഷ്യയിൽ നടക്കുന്ന മത്സരത്തിൽനിന്ന് ഇംഗ്ലണ്ട് പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബന്ധം വഷളായ സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ലോകകപ്പ് മത്സരം കാണാൻ എത്തിയിട്ടില്ല. സോവിയറ്റ് യൂനിയനാണ് നൊവിേചാക് വികസിപ്പിച്ചതെന്ന ആരോപണം ആദ്യം റഷ്യൻ അധികൃതർ നിഷേധിച്ചിരുന്നു.
റഷ്യ വിശദീകരണം നൽകണം –ബ്രിട്ടൻ
രാജ്യത്തെ നടുക്കി വീണ്ടും രാസായുധാക്രമണം നടന്ന സാഹചര്യത്തിൽ റഷ്യ നിർബന്ധമായും വിശദീകരണം നൽകണെമന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവീദ്. മനഃപൂർവമായാലും അബദ്ധത്തിലായാലും ബ്രിട്ടീഷ് ജനതയെ ഇത്തരത്തിൽ ലക്ഷ്യംവെക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
ഇൗ സാഹചര്യത്തിൽ എന്താണ് നടക്കുന്നതെന്ന് വിശദീകരണം നൽകേണ്ടത് റഷ്യൻ സർക്കാറിെൻറ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.