ഇറാനെതിരായ യു.എസ് ഉപരോധം നീക്കണമെന്ന് യു.എൻ കോടതി
text_fieldsയുനൈറ്റഡ് നാഷൻസ്: ഇറാനെതിരായ യു.എസ് ഉപരോധങ്ങളിൽ ചിലത് നീക്കണമെന്നാവശ്യപ്പെട്ട് യു.എൻ ഉന്നതകോടതി ഇടക്കാല ഉത്തരവിറക്കി. ഉത്തരവ് ഇറാൻ സ്വാഗതംചെയ്തു. ഇറാെൻറ നിലപാട് ശരിയെന്നും തങ്ങളുടെ പൗരന്മാർക്കും സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയുമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു.എസ് ഉപരോധം പൂർണമായി എടുത്തുമാറ്റുകയാണ് ഇറാെൻറ ആവശ്യം.
ആണവ കരാറിൽനിന്നു പിന്മാറിയതിനു പിന്നാലെ ഇക്കഴിഞ്ഞ മേയിലാണ് ട്രംപ് ഭരണകൂടം ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചത്. മുൻ കാലങ്ങളിൽ ഇറാനും യു.എസും ഒരുപോലെ അവഗണിച്ച സ്ഥിതിക്ക് ഇൗ വിധികൊണ്ട് കാര്യമുണ്ടാകുമോ എന്നറിയില്ല. 1955ൽ ഇറാനും യു.എസും ഒപ്പുവെച്ച കരാറിനു വിരുദ്ധമായി മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണം, കാർഷിക ഉൽപന്നങ്ങൾ, വൈമാനിക സാമഗ്രികൾ എന്നിവക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി(െഎ.സി.െജ) ആവശ്യപ്പെട്ടത്. മനുഷ്യനെ നേരിട്ടു ബാധിക്കുന്നതാണ് ഇത്തരം ഉൽപന്നങ്ങളുടെ ഉപരോധം. ഇതിനുമുമ്പ് 1986ൽ നിക്കരാഗ്വയിലെ അനുകൂല കോൺട്ര വിമതർക്ക് പിന്തുണ നൽകുന്നതിനെതിരെ പുറപ്പെടുപ്പിച്ച വിധിയാണ് യു.എസ് തള്ളിയത്. അതുപോലെ 1980ൽ ബന്ദികളെ ഏറ്റെടുക്കുന്ന വിഷയത്തിൽ െഎ.സി.ജെയുടെ വിധി ഇറാനും തള്ളി. വിധിയെക്കുറിച്ച് യു.എസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഉത്തരവ് നടപ്പാക്കാൻ െഎ.സി.െജക്ക് അധികാരമില്ല. ഉപരോധം 1955ൽ ഒപ്പുവെച്ച കരാറിന് വിരുദ്ധമാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. യു.എസ് നീക്കത്തിനെതിരെ റഷ്യ, ഫ്രാൻസ്, ചൈന, ജർമനി എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും രംഗത്തുവന്നിരുന്നു. ഇറാനുമായി സാമ്പത്തിക ബന്ധം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അവർ അറിയിച്ചു. യു.എസ് ഉപരോധത്തെ തുടർന്ന് നിരവധി വിദേശ കമ്പനികൾ ഇറാനുമായുള്ള വ്യാപാരത്തിൽ നിന്ന് പിന്മാറി.
രണ്ടു ഘട്ടമായാണ് ഇറാനെതിരെയുള്ള ഉപരോധങ്ങൾ. ആഗസ്റ്റ് ഏഴിന് ഉപരോധം നിലവില്‍വന്നു. ഉപരോധത്തിെൻറ അടുത്തഘട്ടം നവംബർ നാലിന് പ്രാബല്യത്തിലാവും. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളായിരിക്കും രണ്ടാംഘട്ടത്തില്‍ നിലവില്‍വരുക.
ഉപരോധം പ്രാബല്യത്തിലാവുന്നതോടെ യു.എസിൽ ശൃംഖലയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇറാനുമായുള്ള വ്യവസായബന്ധം ഉപേക്ഷിക്കാൻ നിർബന്ധിതരാകും. ഇറാനുമായുള്ള 1700കോടി ഡോളറിെൻറ വ്യോമകരാറിൽനിന്ന് പിൻവാങ്ങുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇറാന് എയറിന് 80 പുതിയ വിമാനങ്ങള്‍ നല്‍കാനുള്ള കരാറാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.