ഇറാൻ: ഉപരോധത്തിൽ ഇളവ് വേണമെന്ന ഇ.യു ആവശ്യം നിരസിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇറാനെതിരായ യു.എസ് ഉപരോധത്തിൽ യൂറോപ്യൻ കമ്പനികൾക്ക് ഇളവ് നൽകണമെന്ന ആവശ്യം യു.എസ് നിരസിച്ചു. ഇറാനുമേൽ പരമാവധി സമ്മർദം ചെലുത്താനാണ് തീരുമാനമെന്നും അതിനാൽ ഉപരോധത്തിൽ ഇളവ് നൽകാനാവില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. അമേരിക്കൻ ദേശീയ സുരക്ഷക്ക് ഗുണകരമാകുന്ന കാര്യത്തിൽ മാത്രമാണ് ഉപരോധത്തിൽ ഇളവ് നൽകുകയെന്നും കത്തിൽ പറയുന്നു.
ഇറാൻ ആണവ കരാറിൽനിന്ന് പിന്മാറിയ യു.എസ് നടപടിയെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഉന്നത ബോഡി ഉപരോധത്തിൽ ഇളവ് തേടിയത്. യൂറോപ്യൻ കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
2015ൽ ഒബാമ ഭരണകൂടവും ലോകരാജ്യങ്ങളും ഇറാനുമായ ഒപ്പുവെച്ച കരാറിൽനിന്ന് ഇൗ വർഷം മേയിലാണ് യു.എസ് പിന്മാറിയത്. അമേരിക്കക്ക് ആഭ്യന്തരതലത്തിൽ നഷ്ടമുണ്ടാക്കുന്നതാണ് കരാറെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇത്തരമൊരു നിലപാടെടുത്തത്. നേരത്തേ നിലവിലുണ്ടായിരുന്ന ഉപരോധം പൂർവസ്ഥിതിയിലായതോടെ ഇറാനുമായി വ്യാപാരബന്ധമുള്ള കമ്പനികൾക്ക് യു.എസിൽ കച്ചവടം ചെയ്യുന്നതിന് തടസ്സമുണ്ട്. ഇക്കാര്യത്തിൽ ഇളവുതേടിയാണ് യൂറോപ്യൻ രാജ്യങ്ങൾ യു.എസ് ഭരണകൂടത്തെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.