ഇറ്റലിയിൽ ആത്മീയ പൊതുജീവിതവും പുനരാരംഭിച്ചു
text_fieldsവത്തിക്കാൻ സിറ്റി: രണ്ട് മാസങ്ങൾക്ക് ശേഷം ഇറ്റലിയിലെ ആത്മീയ പൊതുജീവിതം പുനരാരംഭിച്ചു. സെൻറ് പീറ്റേഴ്സ് ബസലിക്ക തിങ്കളാഴ്ച വീണ്ടും പൂർണമായും ആരാധനകൾക്കായി തുറന്നു. രണ്ട് മാസത്തിന് ശേഷമാണ് ഇറ്റലിയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പൊതുകുർബാന സംഘടിപ്പിക്കുന്നത്. ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത ചാപ്പലിന് സമീപം ഫ്രാൻസിസ് മാർപാപ്പ സ്വകാര്യ കുർബാനയർപ്പിച്ചു. ജോൺ പോൾ രണ്ടാമൻെറ 100ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തു മാർപാപ്പ.
മാർപാപ്പ മടങ്ങിയ ശേഷം ബസലിക്കയിൽ പൊതുജനങ്ങൾക്കായി വൈദികർ കുർബാന നടത്തി. കോവിഡ് വ്യാപനം തടയുന്നതിനായി ബസലിക്കയും പരിസരവും വെള്ളിയാഴ്ച അണുമുക്തമാക്കിയിരുന്നു. ദേവാലയത്തിൽ പ്രവേശിക്കുന്ന ആളുകൾ ഒന്നരമീറ്റർ അകലം പാലിക്കണം, മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കണമെന്നും ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിശ്വാസികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
സർക്കാർ മാർഗനിർദേശങ്ങൾ ശക്തമായി പാലിച്ചാണ് ഇറ്റലിയിൽ പള്ളികൾ വീണ്ടും തുറക്കുന്നത്. കാർമികത്വം വഹിക്കുന്ന പുരോഹിതൻമാർ ഗ്ലൗസ് ധരിക്കണമെന്ന് നിർദേശമുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിൽ സെൻറ് പീറ്റേഴ്സ് ബസലിക്ക പൂർണമായി അടച്ചിരുന്നില്ല. സ്വകാര്യ പ്രാർഥനകൾക്കായി ബസലിക്ക തുറക്കുമായിരുന്നു. എങ്കിലും ബസലിക്കയുടെ മുഖ്യ അൾത്താരയിൽ നിന്നും എന്നുമുതൽ മാർപാപ്പ കുർബാനക്ക് നേതൃത്വം നൽകുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.