2016: വെസ്റ്റ്ബാങ്കിലെ കുരുന്നുകള്‍ക്കുമേല്‍ മരണം പെയ്ത വര്‍ഷം
text_fieldsവെസ്റ്റ്ബാങ്ക്: ഒരു ദശകത്തിനിടെ വെസ്റ്റ്ബാങ്കിലെ കുട്ടികളുടെ മേല്‍ മരണം ക്രൂരതാണ്ഡവമാടിയ വര്‍ഷമായിരുന്നു 2016. ഇസ്രായേല്‍ അധിനിവേശം നടത്തിയ വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങളിലായി സൈന്യം കൊന്നുതള്ളിയത് 32 ഫലസ്തീനി കുട്ടികളെയാണ്. ഇതില്‍ 19 പേര്‍ 16നും 17നും ഇടക്കുള്ളവരും 13 പേര്‍ 13 വയസ്സിനും 15നും ഇടയിലുള്ളവരുമാണ്.
മനുഷ്യാവകാശസംഘമായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്‍റര്‍നാഷനല്‍ (ഡി.സി.ഐ) ആണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിലും നിരായുധരായ പ്രതിഷേധകര്‍ക്കുനേരെ നടത്തുന്ന വെടിവെപ്പിലുമായാണ് മരണം സംഭവിച്ചത്.
വെടിവെക്കുക, കൊല്ലുക എന്നതാണ് ഇസ്രായേല്‍ സൈന്യത്തിന്‍െറ നയം. ഫലസ്തീനികളെ കൊന്നുതള്ളാന്‍ അവര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ഉണ്ട് -ഡി.സി.ഐ ഫലസ്തീനിന്‍െറ അബു എക്തായിഷ് പറയുന്നു. 2015 ഒക്ടോബര്‍ മുതല്‍ ഇവിടത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണെന്നും അബു പറയുന്നു. 2015ല്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 28ഉം 2014ല്‍ 13ഉം ആണ്. വളരെ അപൂര്‍വമായാണ് കൊലകളില്‍ അന്വേഷണം പ്രഖ്യാപിക്കാറ്. നിരായുധരായ നദീം നുവാര, മഹ്മൂദ് അബൂ താഹിര്‍ എന്നീ ബാലന്മാരുടെ കൊലയില്‍ മാത്രമാണ് അന്വേഷണം നടത്തി സൈനികനെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍, ഇയാളുടെ മേലുള്ള കുറ്റം എടുത്തുകളഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വടക്കന്‍ റാമല്ലയിലെ അഭയാര്‍ഥി ക്യാമ്പില്‍ 15കാരനായ അല്‍ ബാഇദ് ഇസ്രായേല്‍ ക്രൂരതയുടെ മറ്റൊരു ഇരയാണ്. ക്യാമ്പിലേക്ക് അതിക്രമിച്ചുകടന്ന് ബാലന്‍െറ തലക്കുനേരെ റബര്‍ ആവരണമുള്ള ലോഹബുള്ളറ്റ് പായിക്കുകയായിരുന്നു. ഈ ബുള്ളറ്റിന്‍െറ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണിത്. ശരീരത്തിന്‍െറ അരക്കു കീഴ്പോട്ടുള്ള ഭാഗങ്ങളിലേക്ക് ചുരുങ്ങിയത് 40 മീറ്റര്‍ അകലെനിന്നു മാത്രമേ ഇത് പ്രയോഗിക്കാവൂ. അതും കുട്ടികളുടെ നേര്‍ക്ക് പാടില്ല. 67 ദിവസം കോമയില്‍ കിടന്നശേഷമാണ് അല്‍ ബാഇദ് അന്ത്യശ്വാസം വലിച്ചത്. നിങ്ങള്‍ക്കൊരിക്കലും സങ്കല്‍പിക്കാനാവില്ല, അവന്‍െറ മാതാവ് അനുഭവിച്ച വേദന -ബാഇദിന്‍െറ അമ്മാവന്‍ അബൂ മുഹമ്മദിന്‍െറ വാക്കുകളാണിത്.
വരുന്ന തലമുറയെ കൂടുതലായി ഇസ്രായേല്‍ സൈന്യം ഉന്നമിട്ടിരിക്കുകയാണെന്നും ഇത് മാതാപിതാക്കളേക്കാള്‍ കുട്ടികള്‍ക്കുതന്നെ നന്നായറിയാമെന്നും അബൂ മുഹമ്മദ് പറഞ്ഞു. സ്ത്രീയാവട്ടെ, കുട്ടിയാവട്ടെ, പുരുഷനാവട്ടെ ‘തീവ്രവാദികള്‍’ ആയതിനാല്‍ ഫലസ്തീനികളെ കൊല്ലാന്‍ ഇസ്രായേല്‍ സൈന്യത്തിന് അനുമതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.